തിരുവനന്തപുരം : ഐ.ജി ഗുഗുലോത്ത് ലക്ഷ്‌മണിന് വീണ്ടും സസ്പെൻഷൻ (IG Lakshmana Suspended Again). മോൻസണ്‍ മാവുങ്കൽ (Monson Mavunkal) പ്രതിയായ പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സസ്പെൻഡ് ചെയ്‌തത്. കോഴിക്കോട് സ്വദേശി യാക്കൂബ് പുരയിൽ നൽകിയ പരാതിയിലാണ് നടപടി. പൊലീസിന്‍റെ യശസിന് കളങ്കം വരുത്തിയ ലക്ഷ്‌മണിനെ സസ്പെൻഡ് ചെയ്യണമെന്ന ഡിജിപിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.
യാക്കൂബ് പുരയിലിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി നടത്തിയ അന്വേഷണത്തിൽ ലക്ഷ്‌മണെതിരെ കൂടുതൽ തെളിവ് ശേഖരിച്ചിരുന്നു. ലക്ഷ്‌മണിനെതിരെ രണ്ട് വീഡിയോകളാണ് പരാതിക്കാരൻ തെളിവായി സമർപ്പിച്ചത്. ഇതിലൂടെ മോൺസൺ മാവുങ്കലുമായി ചേർന്ന് ഐജി ലക്ഷ്‌മൺ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞു.
നേരത്തെ 2021 നവംബറിൽ പുരാവസ്‌തു തട്ടിപ്പിൽ ആരോപണ വിധേയനായിരുന്ന ഘട്ടത്തിലും ലക്ഷ്‌മണയെ സസ്പെൻഡ് ചെയ്‌തിരുന്നു. 2023 ഫെബ്രുവരിയിലാണ് സർവീസിലേക്ക് തിരികെയെടുത്തത്. പിന്നാലെ ട്രെയിനിങ് ഐജിയായി നിയമനവും നൽകി. കേസിൽ ഉൾപ്പെട്ടിരുന്നതിനാൽ എഡിജിപി ആയി സ്ഥാനക്കയറ്റം നൽകിയിരുന്നില്ല.
മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ആരോപണം : ഇതിനിടെ ഹൈക്കോടതിയിൽ ഐജി നൽകിയ ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫിസ് കേന്ദ്രീകരിച്ച് ഗൂഢ സംഘം പ്രവർത്തിക്കുന്നുവെന്നായിരുന്നു ആരോപണം. മോന്‍സൺ മാവുങ്കല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ലക്ഷ്‌മണിന്‍റെ ആരോപണങ്ങൾ.