തിരുവനന്തപുരം:27മത് രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ഡിസംബര്‍ 9ന് തലസ്ഥാനത്ത് തിരിതെളിയും. പ്രധാന വേദിയായ ടാഗോർ ഉള്‍പ്പെടെ 14 തിയേറ്ററുകളിലാണ് ചിത്രങ്ങളുടെ പ്രദര്‍ശനം. 70ലധികം രാജ്യങ്ങളില്‍ നിന്നുള്ള 187 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.
ബെൽജിയൻ അഭയാർഥികളുടെ ജീവിതം പ്രമേയമാക്കി ജീൻ പിയേർ ദാർടേൻ, ലൂക്ക് ദാർടേൻ എന്നിവർ സംവിധാനം ചെയ്‌ത ടോറി ആൻഡ് ലോകിത എന്ന ചിത്രമാണ് ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുക. നിശബ്‌ദത ചിത്രങ്ങൾക്ക് തത്സമയ സംഗീതം നൽകുമെന്നതാണ് ഈ മേളയുടെ ഏറ്റവും വലിയ പ്രത്യേകത.
ചലച്ചിത്ര മേള ഡിസംബര്‍ 9ന് ഇത്തരത്തില്‍ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കുന്ന 5 സിനിമകള്‍ക്ക് സൗത്ത് ബാങ്ക് തിയേറ്റേഴ്‌സ് ബാൻഡിന്‍റെ പിയാനിസ്റ്റായ ജോണി ബെസ്റ്റ് തത്സമയ പശ്ചാത്തല സംഗീതം നൽകും. ഹങ്കേറിയൻ സംവിധായകനായ ബെല ടാറിനാണ് ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്.
മേളയുടെ ഭാഗമായി ടാഗോർ തിയേറ്ററിൽ തമിഴ് റോക്ക് ബാൻഡ് ജാനു, പ്രദീപ് കുമാർ തുടങ്ങിയവരുടെ ഗാന സന്ധ്യയും നടക്കും. കൂടാതെ ഓപ്പൺ ഫോറം, മീറ്റ് ദ് ഡയറക്ടേഴ്‌സ്, ഇൻ കോൺവെർസേഷൻ വിത്ത് തുടങ്ങിയ പരിപാടികളും ഉണ്ടാകും. മേളയ്‌ക്ക് വേണ്ട മുഴുവന്‍ ഒരുക്കങ്ങളും നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്.
2500 സീറ്റുകൾ ഉള്ള ഓപ്പൺ തിയേറ്ററായ നിശാഗന്ധിയിൽ 9600 സീറ്റുകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. മേളയുടെ ഉദ്ഘാടനവും സമാപനവും ടാഗോർ തീയേറ്ററിലാണ് നടക്കുക. ഇത്തവണ പരമാവധി കാണികൾക്കും സിനിമ കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് പറഞ്ഞു. ഡിസംബര്‍ 16ന് മേള സമാപിക്കും.