തിരുവനന്തപുരം :ചലച്ചിത്ര മേളയും ടാഗോർ തിയേറ്ററും പരിസരവും, സുഹൃത്തുക്കൾക്കൊപ്പം ഒത്തുകൂടുന്ന പഞ്ചാരമരച്ചുവടുമെല്ലാം തിരുവനന്തപുരം കരമന സ്വദേശി പി ആർ ശ്രീകുമാറിന് തൻ്റെ ജീവിതത്തിൻ്റെ ഭാഗമാണ്. അതിനൊരു കാരണമുണ്ട്. 1994ൽ കെഎസ്എഫ്‌ഡിസി പ്രഥമ രാജ്യാന്തര ചലച്ചിത്രമേള കോഴിക്കോട് നടത്തിയപ്പോൾ മുതൽ മേളയ്‌ക്കൊപ്പം കൂടിയതാണ് ശ്രീകുമാർ.
അന്ന് ഉദ്ഘാടന ദിനത്തിൽ 'മാർത്താണ്ഡവർമ്മ' എന്ന നിശബ്‌ദ ചിത്രമാണ് പ്രദർശിപ്പിച്ചത്. കോഴിക്കോട് ടാഗോർ തിയേറ്ററിൽ മേളയുടെ ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനും. അതെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ ശ്രീകുമാറിൻ്റെ മനസിലുണ്ട്.
പതിവ് തെറ്റിക്കാതെ ഇക്കുറിയും ശ്രീകുമാർ മേളയ്‌ക്ക് എത്തിയിട്ടുണ്ട്. ഇത് ശ്രീകുമാറിൻ്റെ 28-ാം ഐഎഫ്എഫ്കെയാണ്. സിനിമകൾ കാണുന്നതിനുള്ള വേദി മാത്രമല്ല, പൊതുഭരണ വകുപ്പിൽ നിന്ന് അഡീഷണൽ സെക്രട്ടറിയായി വിരമിച്ച ശ്രീകുമാറിന് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള സുഹൃത്തുക്കൾക്കൊപ്പം ഒത്തുചേരുന്നതിനുള്ള ഇടം കൂടിയാണ് ചലച്ചിത്രമേള.
ആദ്യം മുതൽ ഇതുവരെ പങ്കെടുത്ത ഐഎഫ്എഫ്കെകളിലെ എല്ലാ ഓർമ്മകളും ഇന്നും നിധി പോലെ സൂക്ഷിക്കുന്നുണ്ട് ശ്രീകുമാർ. അന്ന് മുതൽ ഇന്നുവരെയുള്ള ഡെലിഗേറ്റ് പാസുകളും ഫെസ്റ്റിവൽ ബുക്കുകളും ഇപ്പോഴും ഭദ്രമായി ശ്രീകുമാറിൻ്റെ കയ്യിലുണ്ട്. കോഴിക്കോട് വച്ച് നടന്ന അദ്യ മേളയിൽ ഡെലിഗേറ്റായല്ല ശ്രീകുമാർ പങ്കെടുത്തത്.
എന്നാൽ രണ്ടാം ചലച്ചിത്രമേള മുതൽ ഇതുവരെ ഡെലിഗേറ്റായാണ് പങ്കെടുത്തത്. പങ്കെടുത്ത എല്ലാ ചലച്ചിത്രമേളകളിൽ നിന്നുമായി 900ത്തിൽ അധികം സിനിമകൾ കണ്ടു. 1998 മുതലാണ് മേള കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിലായത്. രണ്ടുമുതൽ നാല് വരെയുള്ള മേളകൾ രണ്ട് വർഷത്തെ ഇടവേളയിലാണ് നടന്നതെന്നും ശ്രീകുമാർ ഓർക്കുന്നു.