തിരുവനന്തപുരം: വിധിക്ക് ശരീരത്തെ തോൽപ്പിക്കാൻ കഴിയും. എന്നാൽ സ്വപ്നം കാണുന്ന മനസിനെ തോൽപ്പിക്കാൻ കഴിയില്ല. തിരുവനന്തപുരത്ത് നടക്കുന്ന കുട്ടികളുടെ ചലച്ചിത്രോത്സവത്തിൽ സജീവമായി പങ്കെടുക്കുന്ന കാർത്തിക്കിന്‍റെ ജീവിതം നൽകുന്ന സന്ദേശമിതാണ്. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയായ കല്ലാറിൽ നിന്നും വിധിക്ക് കീഴടങ്ങാതെ പോരാടി എത്തിയതാണ് കാർത്തിക് എന്ന പത്താം ക്ലാസുകാരൻ. ജന്മനാ ശരീരത്തിന് ചലന ശേഷിയില്ല. അച്ഛൻ ഉപേക്ഷിച്ചു പോയി. അമ്മ മറ്റൊരു വിവാഹം കഴിച്ചു. എന്നാൽ അപ്പൂപ്പന്‍റേയും അമ്മൂമ്മയുടേയും സഹായത്തോടെ തന്‍റെ സ്വപ്നങ്ങള്‍ക്ക് പിന്നാലെയാണ് കാർത്തിക്. ഐ സി എഫ് എഫ് കെയിലെ വേദികളിൽ സംഘാടകരുടെ സഹായത്തോടെ പരമാവധി സിനിമകൾ കണ്ട് തന്‍റെ സിനിമാ സ്വപ്നങ്ങളെ നെയ്തെടുക്കുകയാണ് കാര്‍ത്തിക്.
സിനിമയെന്ന സ്വപ്നത്തില്‍ വേദനകൾ മറന്ന് കാർത്തിക്
പത്താം ക്ലാസില്‍ മികച്ച വിജയം നേടിയ കാര്‍ത്തിക് കുടുംബത്തോടൊപ്പം ഒറ്റമുറി വീട്ടിലാണ് താമസിക്കുന്നത്. കുട്ടികളുടെ ചലച്ചിത്ര മേളയില്‍ സംഘാടകരുടെ സഹായത്തോടെ പരാമവധി സിനിമകൾ കാണുകയാണ് കാർത്തിക്.
കാർത്തിക്കിന്‍റെ എല്ലാ കാര്യങ്ങളും അമ്മൂമ്മയാണ് ചെയ്യുന്നത്. സ്കൂളിൽ പോകുമ്പോഴും അമ്മൂമ്മ ഒപ്പമുണ്ടാകും. പത്താംക്ലാസിൽ മികച്ച വിജയം നേടിയ കാര്‍ത്തിക്കിന് പ്ലസ്ടുവിന് ബയോളജി സയൻസ് പഠിക്കാനാണ് താല്പര്യം. സാമ്പത്തികമായും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കാര്‍ത്തിക് കുടുംബത്തോടൊപ്പം ഒറ്റമുറി വീട്ടിലാണ് താമസിക്കുന്നത്. ഇതിനൊരു പരിഹാരമായി സർക്കാർ സഹായമാണ് ഇവർ ആവശ്യപ്പെടുന്നത്.
കാര്‍ത്തിക്കിനൊപ്പം ഇളയ സഹോദരൻ കാശിനാഥും എപ്പോഴും കൂടെയുണ്ട്. കാർത്തിക്കിനെ സംഘാടകർ വീൽചെയറിൽ ഓരോ തീയേറ്ററിലേക്കും എത്തിക്കുമ്പോൾ ഒരറ്റത്ത് പിടിവിടാതെ കാശിയും ഉണ്ടാകും.