തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഡീസൽ വില എണ്ണ കമ്പനികൾ കുത്തനെ ഉയർത്തിയതിനെതിരെ ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു അറിയിച്ചു.
ഡീസൽ വില ലിറ്ററിന് 21 രൂപയാണ് കൂട്ടിയത്. പുതുക്കിയ വില അനുസരിച്ച് കെഎസ്ആർടിസി ഒരു ലിറ്റർ ഡീസലിന് നൽകേണ്ടത് 121 രൂപ 35 പൈസയാണ്. ബൾക്ക് പർച്ചേസർ വിഭാഗത്തിൽപ്പെടുത്തിയാണ് കെഎസ്ആർടിസിയിൽ നിന്നും അധിക വില ഈടാക്കുന്നത്.
4 ലക്ഷം ലിറ്റർ ഡീസലാണ് കെഎസ്ആർടിസിക്ക് ഒരു ദിവസം വേണ്ടത്. നിലവിലെ സാഹചര്യത്തിൽ വില വർധനവോടെ ഒരു മാസം 21 കോടിയുടെ നഷ്‌ടമമാണുണ്ടാകുക.
ALSO READ:മലയാളം മഹാ നിഘണ്ടു എഡിറ്റര്‍ തസ്‌തിക ഡോ. പൂര്‍ണിമ മോഹന്‍ രാജിവച്ചു
കെഎസ്ആർടിസിയെ കനത്ത നഷ്‌ടത്തിലേക്ക് തള്ളിവിടുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ പമ്പിൽ നിന്ന് എക്കാലവും ഇന്ധനം നിറയ്ക്കാനാകില്ല. ബസ് ചാർജ് വർധിപ്പിച്ചാലും ഈ പ്രതിസന്ധി പരിഹരിക്കാനാവില്ല. 2,000 കോടിയുടെ സഹായം സർക്കാർ ഇതിനകം കെഎസ്ആർടിസിക്ക് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ഇന്ധനവില വില വർധിപ്പിച്ചാൽ കനത്ത നഷ്‌ടമാണുണ്ടാകുക.
കെഎസ്ആർടിസിയുടെ വരുമാനം 200 കോടി പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ഇടിതീ പോലെയുള്ള ഇന്ധനവില വർധന. പൊതു ഗതാഗതത്തെ തകർക്കുന്ന രീതിയാണ് കേന്ദ്രത്തിന്‍റെതെന്നും ആന്‍റണി രാജു പറഞ്ഞു.