തിരുവനന്തപുരം :ഓപ്പറേഷന്‍ തിയേറ്ററില്‍ ശിരോവസ്ത്രവും നീളന്‍ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഏഴ് വിദ്യാര്‍ഥിനികളുടെ കത്ത് പുറത്തായതിനെതിരെ പൊലീസില്‍ പരാതി. ഈ കത്ത് പുറത്തായത് സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി യൂണിയന്‍റെ ആവശ്യം. കത്ത് അലക്ഷ്യമായാണ് കൈകാര്യം ചെയ്‌തത്. വിദ്യാര്‍ഥിനികളുടെ സ്വകാര്യത പോലും പരിഗണിക്കാതെയാണ് കത്ത് പുറത്തുവിട്ടതെന്നും യൂണിയന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പ്രിന്‍സിപ്പാളിന് വിദ്യാര്‍ഥിനികള്‍ നല്‍കിയ സ്വകാര്യ കത്ത് എങ്ങനെ പുറത്തുപോയി എന്നത് അന്വേഷിക്കണം. മെഡിക്കല്‍ കോളജ് പൊലീസിനാണ് പരാതി നല്‍കിയിരിക്കുന്നത്. ജൂണ്‍ 26 തിങ്കളാഴ്‌ചയാണ്, കത്ത് 2020 എംബിബിഎസ് ബാച്ചിലെ വിദ്യാര്‍ഥിനി പ്രിന്‍സിപ്പാളിന് നല്‍കിയത്. ഇതിന് പിന്നാലെ തന്നെ ഇത് പുറത്തുവന്നു. സാമൂഹ്യ മാധ്യമങ്ങളിലടക്കം കത്ത് വ്യാപകമായി ഷെയര്‍ ചെയ്യുകയുമുണ്ടായി. ഇതിനെതിരെയാണ് യൂണിയന്‍ പരാതി നല്‍കിയത്.
മെഡിക്കല്‍ കോളജിലെ വിവിധ ബാച്ചുകളില്‍ പഠിക്കുന്ന ഏഴ് വിദ്യാര്‍ഥിനികളാണ് മുഴുക്കൈ ജാക്കറ്റ് അടക്കം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പാളിന് കത്ത് എഴുതിയത്. ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ തലയും കഴുത്തും മറയ്ക്കുന്ന വസ്ത്രം അനുവദിക്കണം. മതവിശ്വാസം മുന്നോട്ട് കൊണ്ടുപോകാന്‍ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. 2018, 2021, 2022 ബാച്ചിലെ വിദ്യാര്‍ഥിനികളാണ് ഇവര്‍. കത്തിലെ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ലിനറ്റ് ജെ മോറിസ് നിയോഗിച്ചിട്ടുണ്ട്.
വിദ്യാര്‍ഥിനികളുടെ ആവശ്യം തള്ളി ഐഎംഎ:രണ്ടാഴ്‌ചയ്ക്കുള്ളില്‍ വസ്‌ത്രം സംബന്ധിച്ച കാര്യത്തില്‍ മറുപടി അറിയിക്കാമെന്നാണ് പ്രിന്‍സിപ്പാള്‍ വദ്യാര്‍ഥിനികളെ അറിയിച്ചിരിക്കുന്നത്. എന്നാല്‍, ഈ ആവശ്യത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അടക്കം തള്ളിയിട്ടുണ്ട്. മാനദണ്ഡം അനുസരിച്ച് ശസ്ത്രക്രിയ നടക്കുമ്പോള്‍ ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ ഡോക്‌ടര്‍മാര്‍ കൈകളില്‍ യാതൊരു ആഭരണങ്ങളും ധരിക്കാന്‍ അനുവദിക്കില്ല. കൈകള്‍ പൂര്‍ണമായും വൃത്തിയാക്കിയ ശേഷം മാത്രമേ ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ പ്രവേശിക്കാവൂ. ത്വക്ക് രോഗം അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ ഡോക്‌ടര്‍മാരെ ശസ്ത്രക്രിയ നടത്താന്‍ അനുവദിക്കാറുമില്ല.
ഇത്തരത്തിലുള്ള കര്‍ശനമായ മാനദണ്ഡങ്ങള്‍ ഉള്ളപ്പോഴാണ് ലോങ് സ്ലീവ് സ്‌ക്രബ് ജാക്കറ്റ്, ഹിജാബ് പോലെ മുഖം മറയ്ക്കുന്ന തരത്തിലുള്ള സര്‍ജിക്കല്‍ ഹൂഡ് എന്നിവ ധരിക്കണമെന്ന ആവശ്യവുമായി മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഐഎംഎ സംസ്ഥാന ഘടകം വ്യക്തമാക്കി. കത്തില്‍ രാഷ്ട്രീയ തീരുമാനം ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജും വ്യക്തമാക്കിയിരുന്നു.
'വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ആനാവശ്യമാണ്. തികച്ചും സാങ്കേതികമായ ഒരു ആവശ്യമാണ് വിദ്യാര്‍ഥിനികള്‍ ഉന്നയിച്ചത്. അധ്യാപകരോടാണ് അവര്‍ ആവശ്യം അറിയിച്ചത്. അതില്‍ അധ്യാപകര്‍ തന്നെ തീരുമാനമെടുക്കും. അതില്‍ മറ്റ് ഇടപെടലുകളുടെ ആവശ്യമില്ല' - മന്ത്രി വീണ ജോര്‍ജിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഓപ്പറേഷന്‍ തിയേറ്ററുകളില്‍ വസ്ത്രം സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രോട്ടോക്കോള്‍ നിലവിലുണ്ട്. ഇതാണ് പിന്തുടരേണ്ടത്. അണുബാധയുണ്ടാകാതെ രോഗിയെ സംരക്ഷിക്കുകയാണ് പ്രധാനം. അതില്‍ മറ്റൊരു ഇടപെടലും അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.