തിരുവനന്തപുരം:മാലിന്യ പ്ലാന്‍റിലെ തീപിടിത്തം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലേക്ക് പ്ലാസ്‌റ്റിക് മാലിന്യം കൊണ്ടു പോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതിയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ബ്രഹ്മപുരത്തെ നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജൈവ മാലിന്യങ്ങള്‍ കഴിവതും ഉറവിടത്തില്‍ സംസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും യോഗം അറിയിച്ചു. ജൈവ മാലിന്യ സംസ്‌കരണത്തിന് വിന്‍ഡോ കമ്പോസ്‌റ്റിങ് സംവിധാനം അടിയന്തിരമായി റിപ്പയര്‍ ചെയ്യുമെന്നും യോഗം വ്യക്തമാക്കി.
ബ്രഹ്മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കും. ജില്ല കലക്‌ടര്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ തുടങ്ങിയവരടങ്ങിയ എംപവേഡ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. പ്രദേശത്തെ ജനങ്ങളെ ബോധവത്‌കരിക്കും. മന്ത്രിമാരും മേയര്‍ ഉള്‍പ്പെട്ട ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗങ്ങള്‍ ഇതിനായി ചേരണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികള്‍ കലക്‌ടര്‍ രേണു രാജ് വിശദീകരിച്ചു. മാര്‍ച്ച് രണ്ടിന് വൈകുന്നേരം 4.30നാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയതതെന്ന് കലക്‌ടര്‍ അറിയിച്ചു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് പൊലീസ് ഫോഴ്‌സുകള്‍ സ്ഥലത്തെത്തുകയും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തുവെന്നും കലക്‌ടര്‍ അറിയിച്ചു.
മാലിന്യത്തിന്‍റെ രാസ വിഘടന പ്രക്രിയ നടക്കുന്നത് മൂലമുണ്ടാകുന്ന സ്‌മോള്‍ഡറിങാണ് പ്രധാനമായും പ്ലാന്‍റില്‍ ഉണ്ടായത്. സംസ്ഥാനത്ത് പൊതുവേ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യം തീപിടുത്തതിന്‍റെ ആക്കം കൂട്ടി. തീപിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ അഗ്നി രക്ഷാ സേനയുടെ ശ്രമങ്ങള്‍ക്കു പുറമേ നേവി, വായു സേന എന്നിവയുള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായം ലഭ്യമാക്കി. കത്തിപ്പടരുന്ന തീ പൂര്‍ണമായും നിയന്ത്രണ വിധേയമായെങ്കിലും മാലിന്യത്തിനകത്തു നിന്നുള്ള ചൂടില്‍ നീറി പുകയുന്ന സ്ഥിതി തുടരുന്നു. ഇതു വഴിയാണ് പ്ലാന്‍റിന് സമീപത്ത് പൊതുവേ പുക പടരുന്ന സാഹചര്യമുണ്ടായതെന്നും മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് പുക ബഹിര്‍ഗമിപ്പിക്കുന്ന മേഖലകളില്‍ മാലിന്യങ്ങള്‍ മാന്തി മാറ്റി അകത്തേക്ക് വെള്ളം പമ്പ് ചെയ്ത് പുകയുന്ന സാഹചര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തി വരുന്നതെന്നും ഇവര്‍ വ്യക്തമാക്കി.
അഗ്നിശമന സേനകളുടെ മുപ്പതിലധികം യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ക്ക് പുറമേ ആലപ്പുഴയില്‍ നിന്ന് എത്തിച്ചിട്ടുള്ള മൂന്ന് ഉയര്‍ന്ന കപ്പാസിറ്റിയുള്ള പമ്പ് സെറ്റുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് മിനുട്ടില്‍ 60,000 ലിറ്റര്‍ എന്ന തോതില്‍ വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനം തുടരുകയാണ്. ബ്രഹ്മപുരം പ്ലാന്‍റില്‍ തീപിടിത്തമുണ്ടായ വിവരം ലഭിച്ചതു മുതല്‍ ജില്ലാ ഭരണകൂടം തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരികയാണെന്നും കലക്‌ടര്‍ യോഗത്തില്‍ അറിയിച്ചു. നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി 300 അഗ്നിശമന സേനാ ജിവനക്കാര്‍, 70 മറ്റു തൊഴിലാളികള്‍, മാലിന്യ നീക്കത്തിനായി 50 ഓളം ഹിറ്റാച്ചി, ജെസിബി ഓപ്പറേറ്റര്‍മാര്‍, 31 ഫയര്‍ യൂണിറ്റുകള്‍, നാല് ഹെലികോപ്‌ടറുകള്‍, 14 ഓളം അതിതീവ്ര ശേഷിയുള്ള ജലവാഹക പമ്പുകള്‍, 36 ഹിറ്റാച്ചി, ജെസിബികള്‍ എന്നിവയുടെ സഹായത്തോടെ പ്രവര്‍ത്തനം നടത്തിവരികയാണെന്നും കലക്‌ടര്‍ യോഗത്തെ അറിയിച്ചു. ചീഫ് സെക്രട്ടറി വി.പി ജോയി, മന്ത്രിമാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരും ഉന്നതതല യോഗത്തില്‍ സംബന്ധിച്ചു.
അതേസമയം മാലിന്യ പ്ലാന്‍റിലേത് സ്വാഭാവിക തീപിടിത്തമല്ലെന്നും കരാറുകാരന്‍ പെട്രോള്‍ ഒഴിച്ച് തീയിട്ടതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. കരാറിനു പിന്നിലെ അഴിമതി പുറത്തു കൊണ്ടുവരും വരെ യുഡിഎഫ് സമരരംഗത്തുണ്ടാകും. ഇതിനു പിന്നില്‍ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിന് പങ്കുണ്ടെങ്കില്‍ അക്കാര്യവും അന്വേഷിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ എപ്പോള്‍ തീ അണയ്ക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമുണ്ടായില്ല. തീയും പുകയും എത്ര നാള്‍ പരിസരവാസികള്‍ സഹിക്കേണ്ടി വരും എന്നതിനും യോഗത്തില്‍ വ്യക്തതയുണ്ടാക്കാനായില്ല. അതിനിടെ ജില്ലാ കലക്‌ടറെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.