തിരുവനന്തപുരം : ആധുനിക സൗകര്യങ്ങളുള്ള അറവുശാലയ്‌ക്ക് വേണ്ടി തലസ്ഥാന നഗരസഭയുടെ ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. ഒരു ദിവസം 50 മാടുകളെയും 25 ആടുകളെയും കശാപ്പ് ചെയ്യാൻ ശേഷിയുള്ള അത്യാധുനിക ഉപകരണങ്ങൾ അടങ്ങുന്നതാണ് തിരുവനന്തപുരം നഗരത്തിലെ കുന്നുകുഴിയിലെ ഹൈടെക് അറവുശാല. 12 കോടി ചെലവിലാണ് കേരള ഇലക്‌ട്രിക്കൽസ് ലിമിറ്റഡിന്‍റെയും നഗരസഭയുടെയും സംയുക്ത സംരംഭത്തിന്‍റെ നിർമാണം.
ഏഴ് വർഷം കാത്തിരുന്നപ്പോൾ കുന്നുകുഴിയില്‍ വരുന്നത് ഹൈടെക്ക് അറവുശാല
നൂതന സംവിധാനങ്ങളോടെ പ്രവർത്തന സജ്ജമാകുന്ന തിരുവനന്തപുരത്തെ ഹൈടെക് അറവുശാലയുടെ നിർമാണം ആറ് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് അധികൃതർ
മലിനീകരണ നിയന്ത്രണ ബോർഡ്, ശുചീകരണ മിഷൻ എന്നീ വകുപ്പുകളുടെ അംഗീകാരം ലഭിച്ചാൽ ആറ് മാസത്തിനകം പദ്ധതി പൂർത്തിയാക്കാനാകുമെന്ന പ്രത്യാശയിലാണ് അധികൃതർ. ശ്രീകാര്യം മാലിന്യ സംസ്‌കരണ പ്ലാന്‍റിന്‍റെ മാതൃകയില്‍ ഊർജ്ജ ഉത്‌പാദന ശേഷിയുള്ള മാലിന്യ സംസ്‌കരണ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ്, അത്യാധുനിക ഫ്രീസർ, മാംസം മറ്റിടങ്ങളിലേക്ക് എത്തിക്കാൻ മൊബൈൽ ഫ്രീസർ, കന്നുകാലികളെയും മാംസവും പരിശോധിക്കാനുള്ള ഡോക്ടർ റൂമും ലാബും, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, ചില്ലറവിൽപ്പനശാല എന്നി സംവിധാനങ്ങൾ അടങ്ങുന്നതാണ് പുതിയ അറവു ശാല.
മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന അറവുശാല 2011ലാണ് പ്രവർത്തനം അവസാനിപ്പിച്ചത്. തുടർന്നാണ് അറവുശാല നവീകരിക്കാൻ നഗരസഭ തീരുമാനിച്ചത്. 38 അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് മനുഷ്യകരസ്‌പർശം പരമാവധി ഒഴിവാക്കുന്ന തരത്തിലായിരിക്കും അറവുശാലയുടെ പ്രവർത്തനം. ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അറവുശാലയുടെ നടത്തിപ്പ് കരാർ അടിസ്ഥാനത്തിൽ ഏജൻസികളെ ഏൽപ്പിക്കാനാണ് തീരുമാനം.