കേരളം

kerala

ETV Bharat / state

പൊലീസിന് വേണ്ടി ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കാൻ തീരുമാനം - മന്ത്രിസഭാ തീരുമാനം

അവധിയിലായിരുന്ന രാജമാണിക്യം ഐ.എ.എസിനെ പുതിയ കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടറായി നിയമിച്ചു. കൃഷി വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ബി. പ്രമോദിനെ പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു.

പൊലീസിന് വേണ്ടി ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കും

By

Published : Oct 31, 2019, 11:17 PM IST

തിരുവനന്തപുരം: പൊലീസ് വകുപ്പിന് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴുള്ള രക്ഷാപ്രവര്‍ത്തനം, മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍, വി.ഐ.പികളുടെ യാത്രാ സുരക്ഷ, വ്യോമ നിരീക്ഷണം, തീരദേശ പട്രോളിംഗ് മുതലായ ആവശ്യങ്ങള്‍ക്കായാണ് പൊലീസ് വകുപ്പിന് വേണ്ടി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്ക് ലാന്‍റ് റവന്യൂ വകുപ്പിന്‍റെ നിയന്ത്രണത്തിലും ലാന്‍റ് ബോര്‍ഡ് ഓഫീസിന്‍റെ നിയന്ത്രണത്തിലും പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലെ 1977 താല്‍ക്കാലിക തസ്തികകള്‍ക്ക് 2019 ഏപ്രില്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് തുടര്‍ച്ചാനുമതി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

അവധിയിലായിരുന്ന രാജമാണിക്യം ഐ.എ.എസിനെ പുതിയ കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടറായി നിയമിച്ചു. കൃഷി വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ബി. പ്രമോദിനെ പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു.
വനം വകുപ്പില്‍ വിവിധ തസ്തികകളിലായി ജോലി ചെയ്യുന്ന 30 ദിവസ വേതന ജീവനക്കാരെ വാച്ചര്‍ തസ്തികയില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചും വിരമിക്കല്‍ പ്രായമായ അഞ്ച് ജീവനക്കാരെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് മാത്രം പരിഗണിച്ചുകൊണ്ട് നോഷണലായും സ്ഥിരപ്പെടുത്തും. 72-ാമത് സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിലെ 11 പേരെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ എല്‍.ഡി.ക്ലാര്‍ക്ക് തസ്തികയില്‍ സൂപ്പര്‍ ന്യൂമററി ആയി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. വൈറ്റില മൊബിലിറ്റി ഹബ്ബ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കൊച്ചി മെട്രോ റെയില്‍ സമര്‍പ്പിച്ച പദ്ധതി രൂപരേഖക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകാരം നല്‍കി. മൊത്തം 571 കോടി രൂപ അടങ്കല്‍ വരുന്ന പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയിരിക്കുന്നേത്.
1999-ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടങ്ങളും 2011-ലെ കേരള പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടങ്ങളും പരിഷ്‌കരിക്കുന്നതിനുള്ള കരട് നിര്‍ദേശങ്ങളും 2020 വര്‍ഷത്തെ പൊതു അവധിയും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് പ്രകാരമുള്ള അവധിയും മന്ത്രിസഭ അംഗീകരിച്ചു. ആര്‍ദ്രം മിഷന്‍ കൂടുതല്‍ ജനകീയവും വിപുലവുമാക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ആരോഗ്യ മന്ത്രി അധ്യക്ഷയായി കമ്മിറ്റി രൂപീകരിക്കും. ധനകാര്യ മന്ത്രി, തദ്ദേശസ്വയംഭരണ മന്ത്രി, ഭക്ഷ്യ മന്ത്രി എന്നിവര്‍ കമ്മിറ്റിയുടെ സഹ ചെയര്‍മാന്‍മാരായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയോജക മണ്ഡല അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ ചെയര്‍മാനായി ഡിലിമിറ്റേഷന്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.

മന്ത്രിസഭ അംഗീകാരം നിയമനങ്ങള്‍


കൊല്ലം കലക്ടര്‍ ബി. അബ്ദുള്‍ നാസറിനെ വയനാട് കലക്ടറായി നിയമിക്കും.

ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ എം. അഞ്ജനയാണ് പുതിയ കൊല്ലം കലക്ടര്‍.

വയനാട് കലക്ടര്‍ അജയകുമാറിനെ കൃഷി ഡയറക്ടറായി നിയമിക്കും.

കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടര്‍ ആനന്ദ് സിംഗിനെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. ജി.എസ്.ടി. സ്‌പെഷല്‍ കമിഷണറുടെ അധിക ചുമതല അദ്ദേഹം വഹിക്കും.

സ്‌പോര്‍ട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജിന് തുറമുഖ വകുപ്പിന്‍റെ അധിക ചുമതല കൂടി വഹിക്കും

ജി.എ.ഡി. ഡെപ്യൂട്ടി സെക്രട്ടറി രേണു രാജിന് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ ചുമതല നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

ABOUT THE AUTHOR

...view details