തിരുവനന്തപുരം :സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മലയോര മേഖലകളിലുള്ളവരെ ഉടനെ ക്യാമ്പുകളിലേക്ക് മാറ്റണം. ഉരുൾപൊട്ടൽ- മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യതാ മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കണം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുവേണം ക്യാമ്പുകൾ സജ്ജമാക്കേണ്ടത്.
പശ്ചിമഘട്ട മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകിട്ട് ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കണം. കടലാക്രമണം രൂക്ഷമായ മേഖലയിലും ക്യാമ്പുകൾ സജ്ജീകരിച്ച് ആളുകളെ മാറ്റണം. മത്സ്യ തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുത്. ലൈനുകളുടേയും ട്രാൻസ്ഫോമറുകളുടെയും അപകട സാധ്യതകൾ പരിശോധിച്ച് മുൻകൂർ നടപടികൾ ആവശ്യമുള്ളയിടത്ത് അത് പൂർത്തീകരിക്കണം.
പൊലീസും അഗ്നിരക്ഷാസേനയും അതീവ ജാഗ്രതയോടെ ആക്ഷനുകൾക്ക് തയ്യാറായി ഇരിക്കണം. വരും ദിവസങ്ങളിൽ മഴ ശക്തമാകാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: സംസ്ഥാനത്ത് വ്യാഴാഴ്‌ച വരെ തീവ്രമഴയ്‌ക്ക് സാധ്യത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടാണ്. മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.