തിരുവനന്തപുരം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ തീരമേഖലയില്‍ കനത്ത നാശനഷ്‌ടം. പൂന്തറ മേഖലയില്‍ കടല്‍ ഇരച്ചു കയറി 30 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ശക്തമായ കാറ്റിനെ തുടര്‍ന്ന് വലിയതുറയില്‍ രണ്ട് വീടുകളുടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. അരിക് ഭിത്തിയുടെ കല്ലുകൾ താഴ്ന്ന് പോയതാണ് വെള്ളം കൂടുതൽ ഇരച്ചു കയറാൻ കാരണമായത്. പലയിടത്തും റോഡുകളില്‍ വെള്ളം കയറി.
തിരുവനന്തപുരത്ത് കനത്ത മഴ; തീരമേഖലയില്‍ വന്‍ നാശനഷ്‌ടം
പൂന്തുറയില്‍ 30 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വലിയതുറയില്‍ രണ്ട് വീടുകളുടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു
കടൽ കയറുന്നത് തടയാൻ പുലിമുട്ട് നിർമിച്ചിട്ടുണ്ടെങ്കിലും അവ കടലിലേയ്ക്ക് ഇറങ്ങിക്കിടക്കുന്നതിനാൽ ശക്തമായ തിരയെ ഫലപ്രദമായി തടയാനാകുന്നില്ലെന്ന് പൂന്തുറ കൗൺസിലർ പീറ്റർ സോളമൻ പറഞ്ഞു. അരിക് ഭിത്തി ബലപ്പെടുത്തുകയും പുലിമുട്ട് കാര്യക്ഷമമായി നിര്‍മിക്കുകയും ചെയ്‌താല്‍ മാത്രമേ പൂന്തറ മേഖലയിൽ നിരന്തരമുണ്ടാകുന്ന കടൽക്ഷോഭത്തിന് പരിഹാരമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. പതിവായി കടൽ കയറുന്നതിനാൽ വള്ളങ്ങളും മത്സ്യ ബന്ധന ഉപകരണങ്ങളും സുരക്ഷിതമായി വയ്ക്കാനാകുന്നില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു.