തിരുവനന്തപുരം: ജില്ലയിലെ കണ്ടെയ്‌ന്‍മെന്‍റ് സോണുകളിൽ കൊവിഡ് പരിശോധന വർധിപ്പിക്കാൻ നടപടിയുമായി ആരോഗ്യ വകുപ്പ്. രണ്ട് ഡോക്ടർമാര്‍ വീതമുള്ള 21 മെഡിക്കൽ സംഘങ്ങളാണ് ചൊവ്വാഴ്‌ച കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ പരിശോധന നടത്തുന്നത്. 50 മുതൽ 100 വരെ ആൻ്റിജൻ പരിശോധന കിറ്റുകളാണ് ഓരോ സംഘത്തിന്‍റെ കൈയിലുമുള്ളത്. ഇത്തരത്തില്‍ കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ 1,925 പരിശോധനകള്‍ നടത്താനാണ് ആരോഗ്യ വകുപ്പിൻ്റെ ശ്രമം.
തിരുവനന്തപുരത്തെ കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ കൊവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ നടപടി
21 മെഡിക്കൽ സംഘങ്ങളെയാണ് കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ കൊവിഡ് പരിശോധന നടത്തുന്നതിനായി നിയോഗിച്ചിരിക്കുന്നത്
സമൂഹവ്യാപനമടക്കം സ്ഥിരീകരിച്ച തീരമേഖലയിലും തിരുവനന്തപുരം നഗരസഭയിലെ കോളനികളിലും രോഗികളുടെ എണ്ണം വർധിക്കുന്ന മേഖലകളിലും ഇന്ന് പരിശോധന നടക്കും. ലാർജ് ക്ലസ്റ്ററാകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയ കാട്ടാക്കട, വെള്ളറട, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലും ഇന്ന് പരിശോധന നടക്കും. ഈ മേഖലകളിൽ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് പരിശോധന. ഇതിനായി മൂന്ന് ടീമുകളെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവർക്ക് 200 ആൻ്റിജൻ പരിശോധന കിറ്റുകളാണ് നൽകിയിരിക്കുന്നത്. മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്നവരെ പരിശോധിക്കാനായി 11 ടീമുകളേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സംഘത്തിന് 550 കിറ്റുകളും നൽകിയിട്ട്. ജില്ലയിലാകെ 2,675 പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിൻ്റെ തീരുമാനം. പരമാവധി പരിശോധന വർധിപ്പിച്ച് രോഗികളെ കണ്ടെത്താനാണ് ശ്രമമെന്ന് ഡിഎംഒ ഡോ. ഷിനു വ്യക്തമാക്കി.