സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കടുത്ത ചൂടു തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ മൂന്ന് ഡിഗ്രി വരെ ചൂട് ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. അതിനാല്‍ ഈ ദിവസങ്ങളില്‍ വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. ചൂട് ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ 284 പേര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടായി. അൻപതോളം പേർക്ക് പൊള്ളലേറ്റിട്ടുണ്ട്.
പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടായത്. സൂര്യാഘാതത്തിൽ ഒരു മരണം മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച കഴിഞ്ഞാലും ചൂടിന് ശമനമുണ്ടാകില്ലെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.