തിരുവനന്തപുരം: പരീക്ഷയിൽ തോറ്റ വിദ്യാർഥികൾ ആയുർവേദ മെഡിക്കൽ ബിരുദ സർട്ടിഫിക്കറ്റ് കൈപ്പറ്റിയ സംഭവത്തിൽ തുടർനടപടികളുമായി ആരോഗ്യ സർവകലാശാല. വിതരണം ചെയ്‌ത മുഴുവൻ സർട്ടിഫിക്കറ്റുകളും തിരികെ വാങ്ങാൻ തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളജിന് നിർദേശം. ആരോഗ്യ സർവകലാശാല വി.സി ഡോ. മോഹൻകുന്നുമ്മലാണ് പ്രിൻസിപ്പൽ ഡോ. ജി.ജെയ്ക്ക് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്.
തോറ്റ വിദ്യാർഥികൾക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ്: തുടർനടപടികളുമായി ആരോഗ്യ സര്‍വകലാശാല
ഈ മാസം 15ന് മെഡിക്കൽ കോളജിൽ നടന്ന ചടങ്ങിൽ 65 പേര്‍ ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി പ്രതിജ്ഞയെടുത്തതില്‍ ഏഴ് പേര്‍ തോറ്റുവെന്നാണ് പരാതി
ഈ മാസം 15ന് മെഡിക്കൽ കോളജിൽ നടന്ന ചടങ്ങിൽ 65 പേരാണ് ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി പ്രതിജ്ഞയെടുത്തത്. ഇതിൽ ഏഴ് പേർ രണ്ടാം വർഷ പരീക്ഷയിൽ പരാജയപ്പെട്ടവരാണെന്നാണ് വിദ്യാർഥികൾ പരാതി ഉന്നയിക്കുന്നത്. ഹൗസ് സർജൻസ് അസോസിയേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്.
കോളജിന്‍റെയോ സർവകലാശാലയുടേയോ സീലില്ലാത്ത സർട്ടിഫിക്കറ്റാണ് വിതരണം ചെയ്‌തിരിക്കുന്നത്. എന്നാലും സർവകലാശാല സർട്ടിഫിക്കറ്റിന്‍റെ മാതൃകയിലുള്ള സർട്ടിഫിക്കറ്റായതിനാൽ ഭാവിയിൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാലാണ് മുഴുവൻ സർട്ടിഫിക്കറ്റും തിരികെ വാങ്ങുന്നത്. പരീക്ഷ പാസാകാതെ സർട്ടിഫിക്കറ്റ് കൈപ്പറ്റിയ ഏഴ് പേരിൽ ഒരാൾ പ്രിൻസിപ്പലിന് ഇത് കൈമാറിയിട്ടുണ്ട്. ചടങ്ങിന്‍റെ സംഘാടന ചുമതലയുണ്ടായിരുന്ന രണ്ട് പേർക്ക് പ്രിൻസിപ്പൽ കാരണം കാണിക്കൽ നോട്ടിസും നൽകിയിട്ടുണ്ട്.