തിരുവനന്തപുരം : തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ അടുത്തിടെയുണ്ടായ സുരക്ഷാവീഴ്‌ചാ സംഭവങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ ചുമതലയുള്ള ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർക്കാണ് അന്വേഷണ ചുമതല. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി വിളിച്ചു കൂട്ടിയ യോഗത്തിലാണ് തീരുമാനം.
അടുത്തിടെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ വിയ്യൂർ ജയിലിലെ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസങ്ങളിലായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രണ്ട് പേർ ഭിത്തി തുരന്ന് ചാടുകയും കഴിഞ്ഞയാഴ്‌ച മഹാരാഷ്‌ട്ര സ്വദേശിനിയായ യുവതി കൊല്ലപ്പെടുകയും ചെയ്‌തിരുന്നു. തുടർച്ചയായി മാനസികാരോഗ്യ കേന്ദ്രങ്ങളിൽ സുരക്ഷാവീഴ്‌ചയുണ്ടാകുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
മാനസികാരോഗ്യ കേന്ദ്രങ്ങളെ ആധുനികവത്കരിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, രോഗീസൗഹൃദമാക്കുക തുടങ്ങിയവ സംബന്ധിച്ച് പ്രത്യേക സമിതിയെ വച്ച് പഠനം നടത്തി ശിപാര്‍ശ സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കി.