തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ (Veena George) പേഴ്‌സണല്‍ സ്റ്റാഫിനെതിരെ ഗുരുതരമായ കൈക്കൂലി ആരോപണം (Health Minister Personal Staff Allegation). ആയുഷ്‌മാന്‍ കേരള പദ്ധതിയില്‍ ഡോക്‌ടറായി മരുമകള്‍ക്ക് നിയമനം നല്‍കാമെന്ന് പറഞ്ഞ് പത്തനംതിട്ടയിലെ മുന്‍ സിഐടിയു ജില്ല ഓഫിസ് സെക്രട്ടറിയായ അഖില്‍ സജീവും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും ചേര്‍ന്ന് പല തവണയായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. മലപ്പുറം സ്വദേശി ഹരിദാസന്‍ കുമ്മാളി എന്ന വ്യക്തിയാണ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ കൈക്കൂലി വാങ്ങി കബളിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്.
മകന്‍റെ ഭാര്യയ്ക്ക് മെഡിക്കല്‍ ഓഫിസര്‍ നിയമനം തരപ്പെടുത്തി നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌ത് പണം വാങ്ങിയെന്ന് പരാതിയില്‍ പറയുന്നു. ഇക്കൊല്ലം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടന്ന തട്ടിപ്പ് സംബന്ധിച്ച് സെപ്‌റ്റംബര്‍ 10ന് മന്ത്രി വീണ ജോര്‍ജിന് പരാതി നല്‍കിയിട്ടും പൊലീസ് നടപടി ആവശ്യപ്പെട്ട് ഈ മാസം 23 ന് മാത്രമാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പരാതി ഡിജിപിക്കു കൈമാറിയത് എന്നത് സംഭവത്തില്‍ ദുരൂഹതയുണര്‍ത്തുന്നതാണ്. അതേസമയം, പരാതി അടിസ്ഥാനരഹിതമാണെന്നും പണം വാങ്ങിയിട്ടില്ലെന്നും തന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് അറിയിച്ചുവെന്ന വിചിത്രവാദവുമായി ആരോഗ്യ മന്ത്രി രംഗത്തു വന്നു.
എന്നാല്‍ ആരോപണ വിധേയനായ പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റി നിര്‍ത്താനോ സംഭവത്തെ കുറിച്ച് സ്വതന്ത്രമായ അന്വേഷണത്തിനോ മന്ത്രി തയ്യാറായില്ല. മാത്രമല്ല, പരാതിക്കാരനെതിരെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്‍റെ പരാതിയില്‍ കേസെടുക്കാന്‍ നീക്കം തുടങ്ങി. മനപൂര്‍വമായ വഞ്ചന കുറ്റം ചുമത്തിയാണ് പരാതിക്കാരനും അഖില്‍ സജീവിനുമെതിരെ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്.
മന്ത്രി വീണ ജോര്‍ജിന് മലപ്പുറം സ്വദേശി ഹരിദാസന്‍ നല്‍കിയ പരാതി :ആയൂഷ്‌മാന്‍ പദ്ധതി പ്രകാരം മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ) തസ്‌തികയിലേക്കുള്ള നിയമനത്തിന് തന്‍റെ മരുമകള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. 2023 മാര്‍ച്ച് 10-ാം തീയതി അഖില്‍ സജീവ് എന്നയാള്‍ താന്‍ സിപിഎം നേതാവാണെന്ന് പരിചയപ്പെടുത്തി തന്നെ വന്നു കാണുകയും സിഐടിയു പത്തനംതിട്ട ജില്ല കമ്മിറ്റി ഓഫിസ് സെക്രട്ടറിയാണെന്ന് പരിചയപ്പെടുത്തുകയും ചെയ്‌തു. തന്‍റെ മരുമകളുടെ അഡ്രസ് സഹിതം തന്നെ കാണിച്ച് മെഡിക്കല്‍ ഓഫിസര്‍ തസ്‌തികയിലേക്ക് അപേക്ഷിച്ചിട്ടുണ്ടോ എന്നാരാഞ്ഞു.
അതെയെന്ന് സമ്മതിച്ചപ്പോള്‍ അപേക്ഷ നല്‍കിയതു കൊണ്ടോ സാധാരണ ഗതിയില്‍ പരീക്ഷ എഴുതിയതു കൊണ്ടോ അഭിമുഖത്തില്‍ പങ്കെടുത്തതു കൊണ്ടോ കാര്യമില്ലെന്നും അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ ജോലി നിങ്ങള്‍ക്കുള്ളതാണെന്നും അഖില്‍ സജീവ് പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 24ന് അഖില്‍ സജീവിന്‍റെ അക്കൗണ്ടിലേക്ക് താന്‍ 25,000 രൂപ ഗൂഗിള്‍ പേ വഴി കൈമാറി. അതിനു ശേഷം അഖില്‍ സജീവ് വിളിച്ച് ജോലിക്കാര്യം മന്ത്രിയുടെ ഓഫിസില്‍ സംസാരിച്ചിട്ടുണ്ടെന്നും അവിടെ അഖില്‍ മാത്യു എന്ന ഒരു സ്റ്റാഫ് ഉണ്ടെന്നും അദ്ദേഹം മന്ത്രിയുടെ ബന്ധുവാണെന്നും അദ്ദേഹമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും വ്യക്തമാക്കി.