തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരായ നിയമന കോഴ കേസിൽ (Health Minister Personal Staff Allegation) പരാതിക്കാരൻ ഹരിദാസനും മുൻ എഐഎസ്എഫ് നേതാവ് കെ പി ബാസിത്തും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് ആണ് ഇരുവരെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. നേരത്തെ പൊലീസ് ഇരുവരെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല.
കേസിൽ അറസ്റ്റിലായ മുഖ്യപ്രതി അഖിൽ സജീവ് പരാതിക്കാരനായ ഹരിദാസിനെ കണ്ടിട്ടില്ലെന്നും പണം തട്ടിയത് ബാസിത്, റഹീസ് എന്നിവർ അടങ്ങിയ സംഘമാണെന്നും പൊലീസിനോട് പറഞ്ഞിരുന്നു. ബാസിത്താണ് പരാതിക്കാരനായ ഹരിദാസന്‍റെ മകന്‍റെ ഭാര്യക്ക് ജോലി ആവശ്യമുണ്ടെന്ന കാര്യം പ്രതികളിൽ ഒരാളായ ലെനിൻ രാജിനെ അറിയിച്ചത്. അതേസമയം, സെക്രട്ടേറിയറ്റ് പരിസരത്ത് വച്ച് അഖിൽ സജീവിന് താൻ പണം നൽകിയെന്ന ഹരിദാസന്‍റെ വാദം പൊളിഞ്ഞതോടെയാണ് ഹരിദാസനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നടപടിയിലേക്ക് കന്‍റോണ്‍മെന്‍റ് പൊലീസ് കടക്കുന്നത്.
എന്നാൽ, താൻ ആരോഗ്യപരമായ കാരണങ്ങളാലാണ് ചോദ്യംചെയ്യലിന് ഹാജരാകാതിരുന്നത് എന്നും ഒളിവിൽ പോയിട്ടില്ലെന്നും ഹരിദാസൻ കന്‍റോൺമെന്‍റ് പൊലീസിനെ അറിയിച്ചിരുന്നു.
സംഭവം ഇങ്ങനെ (Bribery Allegation) : മലപ്പുറം സ്വദേശി ഹരിദാസന്‍ കുമ്മാളി എന്ന വ്യക്തിയാണ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ കൈക്കൂലി വാങ്ങി കബളിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. ആയുഷ്‌മാന്‍ കേരള പദ്ധതിയില്‍ ഡോക്‌ടറായി മരുമകള്‍ക്ക് നിയമനം നല്‍കാമെന്ന് പറഞ്ഞ് പത്തനംതിട്ടയിലെ മുന്‍ സിഐടിയു ജില്ല ഓഫിസ് സെക്രട്ടറിയായ അഖില്‍ സജീവും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും ചേര്‍ന്ന് പല തവണയായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി.
മകന്‍റെ ഭാര്യയ്‌ക്ക് മെഡിക്കല്‍ ഓഫിസര്‍ നിയമനം തരപ്പെടുത്തി നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌ത് പണം വാങ്ങിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഇക്കൊല്ലം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടന്ന തട്ടിപ്പ് സംബന്ധിച്ച് സെപ്‌റ്റംബര്‍ 10ന് മന്ത്രി വീണ ജോര്‍ജിന് പരാതി നല്‍കിയിട്ടും പൊലീസ് നടപടി ആവശ്യപ്പെട്ട് സെപ്‌റ്റംബര്‍ 23ന് മാത്രമാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പരാതി ഡിജിപിക്ക് കൈമാറിയത് എന്നത് സംഭവത്തില്‍ ദുരൂഹതയുണര്‍ത്തുന്നു എന്ന ആരോപണവും ഉയർന്നുവരുന്നുണ്ട്.
ബാസിത്തിനെ കുടുക്കിയ സിസിടിവി ദൃശ്യങ്ങൾ : നിയമനത്തിനായി കൈക്കൂലി നൽകിയ ഹരിദാസന്‍റെ മരുമകൾ ജോലിക്കായി അപേക്ഷിച്ചത് ലെനിന്‍ രാജിനെ അറിയിച്ചത് താനാണെന്നാണ് ബാസിത് പൊലീസിന് നൽകിയ മൊഴി. എഐഎസ്എഫ് മലപ്പുറം മുന്‍ ജില്ല സെക്രട്ടറിയാണ് ബാസിത്. ഇയാള്‍ അഖില്‍ സജീവിനോട് ഹരിദാസന്‍റെ മരുമകള്‍ക്ക് നിയമനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പണം കൈമാറിയെന്ന് പറയുന്ന ദിവസം ഹരിദാസനൊപ്പം താന്‍ തിരുവനന്തപുരത്ത് എത്തിയിട്ടില്ല എന്ന നിലപാടായിരുന്നു ആദ്യം ബാസിത് സ്വീകരിച്ചത്. എന്നാല്‍, സെക്രട്ടേറിയറ്റ് അനക്‌സ് 2 ന് പുറത്ത് ഇതേ ദിവസം ഹരിദാസനോടൊപ്പം ബാസിത്തുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ തട്ടിപ്പില്‍ ഇയാള്‍ക്കും പങ്കുള്ളതായി പൊലീസിന്‍റെ സംശയം ബലപ്പെടുകയായിരുന്നു.