എറണാകുളം: വിഴിഞ്ഞം തുറമുഖ നിർമാണ പ്രദേശം അടങ്ങുന്ന അതീവ സുരക്ഷ മേഖല കേന്ദ്ര സേനയ്ക്ക് കൈമാറുന്നതിന് ഹൈക്കോടതി കേന്ദ്ര സർക്കാരിന്‍റെ നിലപാട് തേടി. ഇക്കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും ചർച്ച ചെയ്‌ത് മറുപടി അറിയിക്കാനും സിംഗിൾ ബെഞ്ച് നിർദേശം നൽകി. വിഴിഞ്ഞം സംഘർഷം സംബന്ധിച്ച പൊലീസിന്‍റെ മറുപടി സത്യവാങ്മൂലം പരിശോധിച്ച കോടതി, എന്ത് നടപടി എടുത്തുവെന്ന് വിമർശന സ്വരത്തിൽ ആരാഞ്ഞു.
വിഴിഞ്ഞത്ത് കേന്ദ്രസേന: കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട് തേടി ഹൈക്കോടതി
തുറമുഖ നിർമാണ പ്രദേശം കേന്ദ്ര സേനക്ക് കൈമാറണമെന്ന് അദാനി ഗ്രൂപ്പും കരാർ കമ്പനിയും ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് നടന്ന സംഘർഷത്തില്‍ സർക്കാർ നടപടി പ്രഹസനമാണെന്ന് അദാനി ഗ്രൂപ്പും കരാർ കമ്പനിയും കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി കേന്ദ്രത്തിന്‍റെ നിലപാട് തേടിയത്
പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലും കഴിഞ്ഞിരുന്നില്ലേയെന്നും ചോദ്യമുയർന്നു. സാധ്യമായതെല്ലാം ചെയ്തെന്നും സംഘർഷത്തിൽ 5 പേരെ അറസ്റ്റ് ചെയ്‌തിരുന്നുവെന്നും ബിഷപ്പ് അടക്കമുള്ള വൈദികരെ പ്രതി ചേർത്ത് കേസെടുത്തു എന്നുമായിരുന്നു ഇതിന് സർക്കാരിന്‍റെ മറുപടി. എന്നാൽ സർക്കാർ നടപടി പ്രഹസനമെന്ന് വ്യക്തമാക്കിയ അദാനി ഗ്രൂപ്പും കരാർ കമ്പനിയും തുറമുഖ നിർമാണ പ്രദേശമെങ്കിലും കേന്ദ്ര സേനയ്ക്ക് കൈമാറണമെന്ന് വീണ്ടും ആവശ്യപ്പെട്ടു.
കേസെടുത്തെങ്കിലും മറ്റ് നടപടികളിലേക്ക് സർക്കാർ കടന്നില്ലയെന്നും ഹർജിക്കാർ കുറ്റപ്പെടുത്തി. കേസിലെ പ്രതികളായ വൈദികർ ഇപ്പോഴും സമര പന്തലിലുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് സുരക്ഷ മേഖലയിൽ കേന്ദ്രസേനയെ വിന്യസിക്കുന്നത് സംബന്ധിച്ച് കോടതി കേന്ദ്ര സർക്കാരിന്‍റെ നിലപാട് തേടിയത്. ഹർജികൾ ഹൈക്കോടതി ബുധനാഴ്‌ച വീണ്ടും പരിഗണിക്കാനായി മാറ്റി.