തിരുവനന്തപുരം :വിദ്വേഷപ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽപി.സി ജോർജിന്‍റെ ജാമ്യം റദ്ദാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അനീസയുടേതാണ് ഉത്തരവ്.
മെയ് ഒന്നിന് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആശ കോശി അനുവദിച്ച ജാമ്യമാണ് റദ്ദാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ഫോർട്ട് അസി. കമ്മിഷണർ ഷാജിക്ക് പ്രതിയെ അറസ്റ്റ് ചെയ്യണ്ട സാഹചര്യം ഉണ്ടായാൽ അതിനുള്ള സ്വാതന്ത്ര്യം നൽകുന്നതാണ് നിലവിലെ ഉത്തരവ്.
ജാമ്യവ്യവസ്ഥ ലംഘിച്ചു :പ്രതിക്ക് കോടതി അനുവദിച്ച ജാമ്യവ്യവസ്ഥ ദുർവിനിയോഗം ചെയ്‌തതാണ് ജാമ്യം റദ്ദാക്കാൻ കോടതി കാണുന്ന പ്രധാന കാരണം. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഏതൊരു വ്യക്തിക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ കോടതി ഉപാധികളോടെ ഒരു പ്രതിക്ക് ജാമ്യം നൽകിയാൽ, ആ വ്യവസ്ഥ തന്നെ ലംഘിക്കുന്നത് തെറ്റായ പ്രവണതയാണ് എന്ന നിരീക്ഷണത്തിലാണ് പത്ത് പേജുള്ള ഉത്തരവ് അവസാനിക്കുന്നത്.