തിരുവനന്തപുരം: ആന്ധ്ര-ഒഡിഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ ന്യൂനമര്‍ദം ശക്തപ്രാപിച്ച് തീവ്രമര്‍ദ്ദമായി മാറി. നാളെയോടെ ഇത് ചുഴലിക്കാറ്റായി രൂപപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
'ഗുലാബ്' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് നാളെ വിശാഖപട്ടണത്തിനും ഗോപാല്‍പൂരിനുമിടയില്‍ കരതൊടാനാണ് സാധ്യത. 70 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ ചിഴലിക്കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്.
ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ചൊവ്വാഴ്‌ച (സെപ്‌റ്റംബര്‍ 28) വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ കേരളത്തിലാകും മഴ ശക്തമാകുക. മധ്യകേരളത്തിലും മഴ ഉണ്ടാകും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, എറണാകുളം ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: കൊവിഡ് അവലോകന യോഗം ഇന്ന്; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത
വരുന്ന തിങ്കള്‍, ചൊവ്വ (സെപ്‌റ്റംബര്‍ 27, 28 ) ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.