തിരുവനന്തപുരം :കെ റെയില്‍ പ്രതിഷേധങ്ങള്‍ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. കല്ലിടലിന് പകരം സര്‍വേ നടപടികള്‍ക്ക് ഇനി മുതല്‍ ജിപിഎസ് സംവിധാനം ഉപയോഗിക്കാന്‍ തീരുമാനം. റവന്യൂ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി സര്‍ക്കാര്‍ ; സര്‍വേ നടപടികള്‍ ഇനി മുതല്‍ ജിപിഎസ് സംവിധാനം വഴി - കെ റെയില്‍ ജിപിഎസ് സര്‍വേ
കല്ലിടലില്‍ നിന്നുള്ള പിന്‍മാറ്റം പ്രതിഷേധങ്ങളെ തുടര്‍ന്ന് ; ഉത്തരവിറക്കി റവന്യൂ വകുപ്പ്
സര്‍വേ നടപടികളുടെ ഭാഗമായുള്ള കല്ലിടലിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാടില്‍ നിന്ന് പിന്മാറുന്നതെന്നും റവന്യൂ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. ഉടമകളുടെ അനുമതിയോടെ അതിരടയാള കല്ലുകള്‍ ഇടാം, കെട്ടിടങ്ങള്‍, മതിലുകള്‍ എന്നിവിടങ്ങളില്‍ അടയാളങ്ങള്‍ രേഖപ്പെടുത്താമെന്നുമുള്ള നിര്‍ദേശം നേരത്തേ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇനിമുതല്‍ ജിയോ ടാഗിംഗ് മാത്രം മതിയെന്നാണ് റവന്യൂ വകുപ്പിന്‍റെ ഉത്തരവ്.
കല്ലിടല്‍ നിലവില്‍ നിര്‍ത്താന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി രജിസ്‌റ്റര്‍ ചെയ്‌ത കേസുകള്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും നടന്ന സര്‍വേയും, കല്ലിടലും നേരത്തെ വലിയ സംഘര്‍ഷങ്ങളില്‍ എത്തിയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നടന്നുവന്ന കല്ലിടല്‍ നടപടികള്‍ സര്‍ക്കാര്‍ താത്കാലികമായി നിര്‍ത്തിവച്ചിരുന്നു.