തിരുവനന്തപുരം:നിയമസഭ കയ്യാങ്കളി കേസില്‍ തുടരന്വേഷണം വേണമെന്ന സിപിഐ വനിത നേതാക്കളും മുന്‍ എംഎല്‍എമാരുമായ ഇ എസ് ബിജിമോളും ഗീതഗോപിയും നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍. തുടരന്വേഷണത്തെ എതിര്‍ത്തു കൊണ്ടുളള കോണ്‍ഗ്രസ് നേതാവിന്‍റെ വാദത്തെ എതിര്‍ത്താണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. നിയമപരമായി നിലനില്‍ക്കാത്ത ഹര്‍ജിയില്‍ കക്ഷി ചേരണമെന്ന ആവശ്യവുമായാണ് കോണ്‍ഗ്രസ് നേതാവ് ടി യു രാധാകൃഷ്‌ണന്‍ എത്തിയത് എന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകനായ ഡി ഡി പി കെ ബാലചന്ദ്രമേനോന്‍ വാദിച്ചത്.
കക്ഷി ചേരാന്‍ അനുവദിക്കാതെ കോടതി: ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലാണ് ഹര്‍ജി പരിഗണിച്ചത്. മുന്‍പ് ഒരു ബി ജെ പി നേതാവും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് വന്നിരുന്നെങ്കിലും കോടതി അത് അനുവദിച്ചിരുന്നില്ലെന്നും ഡി ഡി പി കോടതിയെ അറിയിച്ചു. തങ്ങള്‍ കക്ഷി ചേരാന്‍ വന്നതോടെ കേസ് വിചാരണ അനന്തമായി നീട്ടി കൊണ്ട് പോകാനുളള ഇടത് പക്ഷത്തിന്‍റെ തന്ത്രമാണ് പാളിയതെന്ന് കോണ്‍ഗ്രസിന്‍റെ അഭിഭാഷകന്‍ എം ജെ ദീപക് കോടതിയെ അറിയിച്ചു.
തുടരന്വേഷണം അനുവദിച്ചാല്‍ കേസിലെ പ്രതിയായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കാലാവധി തികയുന്നത് വരെ കോടതി വിചാരണയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് കേട്ടു കേള്‍വി ഇല്ലാത്ത ആവശ്യവുമായി ഇടത് നേതാക്കള്‍ കോടതിയെ സമീപിച്ചത്. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്‌ടം വരുത്തി എന്നാണ് പൊലീസ് കേസ്.