കേരളം

kerala

കണ്ണൂര്‍ വിസിക്കെതിരെ ഗവർണർ കടുത്ത നടപടികളിലേക്ക് ; തലസ്ഥാനത്ത് തിരിച്ചെത്തിയാലുടന്‍ തുടര്‍നീക്കം

By

Published : Aug 19, 2022, 3:45 PM IST

നിയമവിദഗ്‌ധരുമായി ആലോചിച്ച ശേഷമാണ് കണ്ണൂർ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന് എതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചത്

Governor Arif muhammed khan against Kannur VC  priya varghese kannur university appointment  കണ്ണൂര്‍ വിസി  കണ്ണൂർ വൈസ് ചാൻസലർ  കണ്ണൂര്‍ വിസിക്കെതിരെ ഗവർണർ  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  പ്രിയ വര്‍ഗീസിന്‍റെ നിയമനം മരവിപ്പിച്ചു  കണ്ണൂര്‍ യൂണിവേഴ്‌സിറ്റി
കണ്ണൂര്‍ വിസിക്കെതിരെ ഗവർണർ കടുത്ത നടപടികളിലേക്ക്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കാനുള്ള കണ്ണൂര്‍ സര്‍വകലാശാല തീരുമാനം മരവിപ്പിച്ചതിനുപിന്നാലെ വൈസ് ചാന്‍സലർ ഡോ.ഗോപിനാഥ് രവീന്ദ്രനെതിരെ കടുത്ത നടപടിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തയാറെടുക്കുന്നതായി സൂചന. നിയമവിദഗ്‌ധരുമായി ആലോചിച്ച ശേഷമാണ് ഗവര്‍ണര്‍ നടപടികളിലേക്ക് കടക്കാന്‍ തീരുമാനിച്ചതെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ സൂചന നല്‍കി.

വി.സിയുടെ ഭാഗത്ത് ഗുരുതര വീഴ്‌ച : നിയമനവുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലറുടെ ഭാഗത്ത് ഗുരുതരമായ വീഴ്‌ചകള്‍ സംഭവിച്ചതായാണ് വിദഗ്‌ധോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഗവര്‍ണറുടെ വിലയിരുത്തല്‍. പ്രിയ വര്‍ഗീസിന്‍റെ നിയമനം മരവിപ്പിച്ചുകൊണ്ട് ചാന്‍സലര്‍ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ വൈസ് ചാന്‍സലര്‍ മാധ്യമങ്ങളെ കണ്ട് ചാന്‍സലറുടെ ഉത്തരവിനെതിരെ സംസാരിച്ചത് ഗുരുതര വീഴ്‌ചയായാണ് രാജ്ഭവന്‍റെ വിലയിരുത്തല്‍. മാത്രമല്ല, ഗവര്‍ണര്‍ക്കെതിരെ നിയമനടപടിയെ കുറിച്ചാലോചിക്കാന്‍ സിന്‍ഡിക്കേറ്റ് വിളിച്ചുകൂട്ടിയ വൈസ് ചാന്‍സലറുടെ നടപടിയും വലിയ പിഴവായി ഗവര്‍ണര്‍ വിലയിരുത്തുന്നു.

ഡൽഹിയിൽ നിന്നെത്തിയാലുടൻ നടപടി : ഇപ്പോള്‍ ഡല്‍ഹിയിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓഗസ്റ്റ് 25ന് മടങ്ങിയെത്തിയാലുടന്‍ നടപടിയിലേക്ക് കടക്കും. കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിക്കാനുള്ള നീക്കം നടക്കുന്നതായി 2021 നവംബര്‍ രണ്ടാം വാരത്തില്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. 2021 നവംബര്‍ 12നായിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി.

തൊട്ടുപിറ്റേന്ന് തന്നെ അപേക്ഷകളുടെ സൂക്ഷ്‌മ പരിശോധന ഉള്‍പ്പടെ പൂര്‍ത്തിയാക്കിയത് വന്‍ വിവാദത്തിനിടയാക്കി. ഇത് പ്രിയ വര്‍ഗീസിന് വേണ്ടിയാണെന്നായിരുന്നു ആരോപണം. ആരോപണം നിലനില്‍ക്കേ തന്നെ നവംബര്‍ 18ന് അഭിമുഖം പൂര്‍ത്തിയാക്കി.

ചട്ടങ്ങൾ കാറ്റിൽ പറത്തി നിയമനം : പ്രിയയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചത് ആരോപണങ്ങള്‍ക്ക് കൂടുതല്‍ സാധുത നല്‍കുന്നതായി. നിയമോപദേശം ഉള്‍പ്പടെ പൂര്‍ത്തിയാക്കി 2022 ജൂണ്‍ 27ന് റാങ്ക് പട്ടിക സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. ഈ സിന്‍ഡിക്കേറ്റ് തീരുമാനവും പ്രിയയുടെ നിയമനം മരവിപ്പിച്ചതിനൊപ്പം ഗവര്‍ണര്‍ റദ്ദാക്കിയിട്ടുണ്ട്.

പ്രിയയ്ക്ക് സര്‍വകലാശാല ഒന്നാം റാങ്ക് നല്‍കിയത് നവംബര്‍ 18ന്. ഇതുകഴിഞ്ഞ് അഞ്ച് ദിവസം പിന്നിടുമ്പോള്‍ യുജിസി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഡോ.ഗോപിനാഥ് രവീന്ദ്രന് വൈസ് ചാൻസലറായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പുനര്‍ നിയമനം നല്‍കി. പുതിയ വൈസ് ചാൻസലറെ കണ്ടെത്താനുള്ള സെര്‍ച്ച് കമ്മിറ്റി റദ്ദാക്കിയായിരുന്നു നിയമനം.

വി.സി നിയമനത്തിനും പ്രിയ വര്‍ഗീസിന്‍റെ നിയമനത്തിനും എതിരെ സേവ് യൂണിവേഴ്‌സിറ്റി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. വി.സി നിയമനത്തിനെതിരെ കണ്ണൂര്‍ വാഴ്‌സിറ്റിയിലെ രണ്ട് അധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

ഗവർണർക്കെതിരെ കണ്ണൂർ വി.സി :പ്രിയ വർഗീസിന്‍റെ നിയമനം മരവിപ്പിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിക്കെതിരെ നിയമപരമായി നീങ്ങാനാണ് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമുണ്ടായത്. ഗവര്‍ണറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അനുമതി നല്‍കി. വിഷയത്തില്‍ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് സിന്‍ഡിക്കേറ്റ് യോഗം വിലയിരുത്തിയത്.

ABOUT THE AUTHOR

...view details