തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങൾ അറിയിക്കണമെന്നും അത് അദ്ദേഹത്തിന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്തതിൽ ഗവർണർക്കെതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ പ്രതികരണം. (Governor Arif Muhammed Khan Against CM)
മുഖ്യമന്ത്രി രാജ്ഭവനിലേക്ക് വരുന്നില്ല. രാജ്ഭവനിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും വന്നിട്ട് കാര്യമില്ല. എല്ലാ മന്ത്രിമാരും ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കേണ്ടവരാണ്. എന്നാൽ അങ്ങനെ നടക്കാത്തത് നിർഭാഗ്യകരമാണ്. താൻ ഉന്നയിച്ച ഒരു ചോദ്യങ്ങൾക്കും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് (Karuvannur Bank Fraud Case) സംബന്ധിച്ച് പരാതി കിട്ടിയാല്‍ വിശദീകരണം തേടും. കരുവന്നൂർ വിഷയത്തിൽ ഇ ഡി അന്വേഷണം നടക്കുന്നുണ്ട്. നമ്മുടേത് നിയമവാഴ്‌ച ഉള്ള സമൂഹമാണ്. താൻ ഇടപെടേണ്ട കാര്യമില്ലെന്നും ഗവർണർ പറഞ്ഞു.
എട്ടോളം ബില്ലുകളിൽ ഒപ്പിടാതെ പിടിച്ചുവച്ച ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ മുഖ്യമന്ത്രി നിശിതമായി വിമർശിച്ചിരുന്നു. ബില്ലുകൾക്ക് അംഗീകാരം നൽകാതെ അനിശ്ചിതമായി പിടിച്ചുവയ്‌ക്കുന്നത് കൊളോണിയൽ കാലത്തെ അനുസ്‌മരിപ്പിക്കുന്നുവെന്നും നിയമസഭ പാസാക്കുന്ന ബില്ലുകൾ നിയമമാക്കാതിരിക്കാന്‍ കാലതാമസം ഉണ്ടാക്കുന്നത് പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ അന്തസത്തയ്ക്ക് നിരക്കാത്ത കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. (CM Against Governor)