കേരളം

kerala

ETV Bharat / state

വി.സിമാര്‍ക്ക് നല്‍കിയത് കാരണം കാണിക്കല്‍ നോട്ടിസെന്ന് ഗവര്‍ണര്‍, നവംബർ 3നുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ പുറത്ത്

രാജ്ഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

Arif Mohammad Khan  VC resignation  Governor Arif Mohammad Khan  Pinarayi Vijayan  Kerala Government  ഗവർണർ  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  വിസിമാരുടെ രാജി
വിസിമാരുടെ രാജി: നല്‍കിയത് കാരണം കാണിക്കല്‍ നോട്ടിസെന്ന് ഗവര്‍ണര്‍, നവംബർ 3 നുള്ളിൽ വിശദീകരണം നൽകിയിലെങ്കിൽ പുറത്ത്

By

Published : Oct 24, 2022, 6:49 PM IST

Updated : Oct 25, 2022, 10:28 AM IST

തിരുവനന്തപുരം:കേരളത്തിലെ ഒമ്പത് വൈസ് ചാൻസലർമാർ രാജി വയ്ക്കണമെന്ന അന്ത്യശാസനം നൽകിയിട്ടില്ലെന്ന് വിശദീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അവർക്ക് കാരണം കാണിക്കൽ നോട്ടിസാണ് നൽകിയത്. നവംബർ 3ന് വിശദീകരണം നൽകിയില്ലെങ്കിൽ സ്വാഭാവികമായും പുറത്താക്കേണ്ടി വരുമെന്ന് രാജ്ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കവേ ഗവർണർ പറഞ്ഞു.

സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഒപ്പിട്ട ശേഷം താൻ അതിനെതിരെ പറയുന്നു എന്ന ആരോപണത്തിൽ അടിസ്ഥാനമില്ല. നിയമനം സാധുവാണെന്ന് അഡ്വക്കേറ്റ് ജനറൽ അറിയിച്ചത് കൊണ്ടാണ് തനിക്ക് സാങ്കേതിക സർവ്വകലാശാല അടക്കമുള്ള സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമന ഉത്തരവിൽ ഒപ്പിടേണ്ടി വന്നത്. അഡ്വക്കേറ്റ് ജനറൽ ഓഫിസ് എന്നത് ഒരു സ്ഥാപനമാണ്.

ഗവര്‍ണര്‍ മാധ്യമങ്ങളോട്

സർക്കാരിനു കീഴിലുള്ള ഒരു സ്ഥാപനത്തിൻ്റെ വിശദീകരണം മുഖവിലയ്ക്കെടുക്കാതെ മുന്നോട്ടു പോകുക എന്നത് തൻ്റെ ശീലമല്ല. വൈസ് ചാൻസലർ വിഷയവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറുമായി ഒരു അഭിപ്രായ ഭിന്നതയും ഇല്ല. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് താൻ ചെയ്‌തത്.

തന്നെ ആർക്കും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ താൻ നിയമിച്ച മന്ത്രിമാർ തനിക്കെതിരെ വിമർശനം ഉന്നയിച്ചാൽ അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രിയെ എംഎൽഎമാരാണ് തെരഞ്ഞെടുക്കുന്നത് എന്നതിൻ്റെ അടിസ്ഥാനത്തിൽ അത് ജനങ്ങൾ തെരഞ്ഞെടുത്ത പദവിയായി അംഗീകരിക്കാം.

എന്നാൽ മന്ത്രിമാരെ തെരഞ്ഞെടുക്കുന്നത് ജനങ്ങളല്ല. ഗവർണർ അദ്ദേഹത്തിൻ്റെ താത്പര്യപ്രകാരം ആണ് നിയമിക്കുന്നത്. അത്തരത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രി തന്നെ ചർച്ചയ്ക്ക് വിളിക്കാൻ ആരാണെന്ന് ഗവർണർ ചോദിച്ചു.

തൻ്റെ പ്രവർത്തനങ്ങളെ പിപ്പണി എന്നു വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ നടപടിയേയും ഗവർണർ പരിഹസിച്ചു. പിപ്പണി എന്നതിൻ്റെ അർഥമെന്താണെന്ന് താൻ അന്വേഷിച്ചുവെന്നും ചെപ്പടിവിദ്യ എന്നാണ് അതിൻ്റെ അർഥമെന്ന് തനിക്ക് മനസിലായെന്നും ഗവർണർ പറഞ്ഞു.

ഗവർണറുടെ നടപടിക്കെതിരെ എൽഡിഎഫ് രാജ്ഭവൻ മാർച്ച് നടത്തുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ആ ദിവസം താൻ രാജ്ഭവനിലുണ്ടാകില്ലെന്നും രാജ്ഭവൻ ജീവനക്കാരോട് അങ്ങോട്ട് ചെന്ന് അവർക്ക് ചായ കൊടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അതിന് തയ്യാറല്ലെങ്കിൽ അവരെ രാജ്ഭവനിൽ വിളിച്ച് ചായകൊടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നുമായിരുന്നു ഗവർണറുടെ പരിഹാസം.

Last Updated : Oct 25, 2022, 10:28 AM IST

ABOUT THE AUTHOR

...view details