തിരുവനന്തപുരം: സർക്കാർ രാജ്ഭവനോട് വഴക്കിടാൻ ശ്രമിക്കുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Governor Against Government). അതുകൊണ്ടാണ് ഗവർണർ നിയമിച്ച വൈസ് ചാൻസലർക്ക് എതിരെ ഷോകോസ് നോട്ടീസ് നൽകിയതെന്നും പോരിനാണ് സർക്കാരിന് താത്പര്യമെങ്കിൽ സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ (Government is trying to fight with Raj Bhavan) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഗവർണർക്ക് ഓർമ പിശകാണെന്നും താൻ രാജ്ഭവനിലേക്ക് പോകാറില്ലെന്ന് അദ്ദേഹത്തിന് പറയാൻ കഴിയില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനോട് പ്രതികരിക്കാനില്ല. ബില്ലുകളിൽ സർക്കാരിനോട് വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബില്ലുകളിൽ വ്യക്തത ലഭിച്ചാൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഗവർണർ വ്യക്തമാക്കി. മുഖ്യമന്ത്രി രാജ്ഭവനിലേക്ക് വരാറില്ലെന്നും കാര്യങ്ങൾ നേരിട്ടെത്തി അറിയിക്കാറില്ലെന്നുമുള്ള ഗവർണറുടെ വിമർശനത്തിൽ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഗവർണർക്ക് മറുപടി നൽകിയിരുന്നു.
ഓർമ പിശകാണ്. താൻ രാജ്ഭവനിലേക്ക് പോകാറില്ലെന്ന് അദ്ദേഹത്തിന് പറയാൻ കഴിയില്ല. എല്ലാ ചടങ്ങുകൾക്കും താൻ രാജ്ഭവനിലേക്ക് പോകാറുണ്ട്. തനിക്ക് അവിടെ പോകുന്നതുകൊണ്ട് എന്താണ് പ്രശ്‌നമെന്നും മുഖ്യമന്ത്രി ചോദിച്ചു. ബില്ലുകളുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ അറിയിക്കുന്നതിന് അത് തയ്യാറാക്കിയ വകുപ്പുകളിലെ ബന്ധപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥരും പോകുന്നതാണ് നല്ലത്. സാധാരണ നിലയ്ക്ക് മുഖ്യമന്ത്രി അതിനായി പോകുന്ന പതിവില്ല. എന്തോ ഒരു പ്രത്യേക നില അദ്ദേഹം സ്വീകരിച്ചുപോവുകയാണെന്നും അതിനപ്പുറം പറയുന്നില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.
ഗവർണറെ വേദിയിലിരുത്തി പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി: കേരള നിയമസഭ പാസാക്കിയ ചില ബില്ലുകൾ അനുമതി കിട്ടാതെ കിടന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ മന്ദിരത്തിന്‍റെ മെയ് 22 ന് നടന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടന ചടങ്ങിൽ ഗവർണറെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
അനുമതിയുടെ കാര്യത്തിൽ അനിശ്ചിതമായ കാലതാമസമാണ് ഉണ്ടായത്. ഇക്കാര്യം വിസ്‌മരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള നിയമസഭയിലുണ്ടായ നിയമങ്ങളുടെ ചുവടുപിടിച്ച് മറ്റ് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രവും നിയമങ്ങളുണ്ടാക്കിയിട്ടുണ്ട്. ചരിത്രപരമായ പ്രധാന്യമുള്ള പല നിയമങ്ങൾക്കും കേരള നിയമസഭ സാക്ഷ്യം വഹിച്ചു. ആധുനിക ഇന്ത്യന്‍ ഭരണഘടനയുടെ മൂന്ന് ശാഖകളായ ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയില്‍ ഒന്ന് മറ്റൊന്നിന്‍റെ അധികാരപരിധിയില്‍ കൈകടത്തുന്നുവെന്ന ആക്ഷേപം ഉയര്‍ന്നുവരുന്നുണ്ട്. അത്തരം ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഉറപ്പുവരുത്തണമെന്നും പിണറായി വിജയൻ പറഞ്ഞു.
ഉപരാഷ്‌ട്രപതിയുടെ സാന്നിധ്യം സന്തോഷത്തിന് മാറ്റ് കൂട്ടുന്നുവെന്നും തിരക്കുകൾക്കിടയിടും അദ്ദേഹം ചടങ്ങിൽ പങ്കെടുക്കാനായി കേരളത്തിൽ എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കേരള നിയമസഭ പാസാക്കിയ പല നിയമങ്ങളും ജനജീവിതത്തില്‍ വലിയ ചലനങ്ങളുണ്ടാക്കിയവയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. നിയമസഭ മന്ദിരത്തിന്‍റെ ചരിത്രം നിയമനിര്‍മാണത്തിന്‍റെ കൂടി ചരിത്രമാണെന്നും രാജ്യത്തെ പുരോഗമനപരമായ പല നിയമനിര്‍മാണത്തിനും കേരള നിയമസഭ വേദിയായിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
ALSO READ:ഭൂപതിവ് നിയമഭേദഗതി: ഗവർണർ സംശയം ഉന്നയിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ