തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖ നിര്‍മ്മാതാക്കളായ അദാനി ഗ്രൂപ്പുമായി (Adani Group) ഇടഞ്ഞുനില്‍ക്കുന്ന ലത്തീന്‍ സഭയെ (Latin Church) അനുനയിപ്പിക്കാനുള്ള അതിവേഗ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. തുറമുഖത്തെത്തിയ ആദ്യ ചരക്ക് കപ്പലിനെ ആഘോഷപൂര്‍വം സ്വീകരിക്കാന്‍ സര്‍ക്കാരും തുറമുഖ കമ്പനിയും ധ്രുതഗതിയില്‍ മുന്നോട്ടുനീങ്ങുന്നതിനിടെയാണ് ഉള്ളിലെ എതിര്‍പ്പ് പുറത്താക്കി ലത്തീന്‍സഭ വെള്ളിയാഴ്‌ച പൊടുന്നനെ രംഗത്തുവന്നത്. അപകടം മണത്ത സര്‍ക്കാര്‍ ഉടനടി അനുനയ നീക്കവുമായി രംഗത്തെത്തുകയായിരുന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ എംഡിയായിരുന്ന അദീല അബ്‌ദുള്ള വെള്ളയമ്പലം ബിഷപ്പ് ഹൗസില്‍ നേരിട്ടെത്തി ലത്തീന്‍ അതിരൂപത ബിഷപ്പ് ഡോ.തോമസ് നെറ്റോയെ 15ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. ഇതേസമയത്ത് തന്നെ തുറമുഖ മന്ത്രി സജി ചെറിയാനും വിഴിഞ്ഞം രൂപത ലത്തീന്‍ വികാരിയെയും സന്ദര്‍ശിച്ച് 15ലെ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു.
ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേരയാണ് വെള്ളിയാഴ്‌ച (13.102023) വെടിപൊട്ടിച്ച് ആദ്യം രംഗത്തെത്തിയത്. വെറും 60 ശതമാനം പണി മാത്രം നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് അദാനിയെന്നും തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് തദ്ദേശീയര്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ക്രെയിനുമായി എത്തിയ ചരക്കുകപ്പലിന് ഔദ്യോഗികമായി സ്വീകരണം നല്‍കുന്ന ചടങ്ങിലേക്ക് ലത്തീന്‍ സഭയ്ക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചില്ലെന്നും ഇനി ലഭിച്ചാലും പങ്കെടുക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചതോടെ ആഹ്ളാദമാകേണ്ട ഉദ്ഘാടന ചടങ്ങിന് കല്ലുകടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ മനസിലാക്കി. തൊട്ടുപിന്നാലെയാണ് വിഴിഞ്ഞം തുറമുഖ എംഡിയായിരുന്ന അദീല അബ്‌ദുള്ള ബിഷപ്പ് തോമസ് നെറ്റോയെ ഔദ്യോഗികമായി ക്ഷണിച്ചത്.
കട്ടമര തൊഴിലാളികള്‍ക്ക് നഷ്‌ടപരിഹാരം അനുവദിച്ച് ഉത്തരവിറങ്ങി :വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ജീവനോപാധി നഷ്‌ടപരിഹാരത്തിന് അര്‍ഹരായ വിഴിഞ്ഞം സൗത്ത് കടപ്പുറത്തെ 53 കട്ടമരത്തൊഴിലാളികള്‍ക്ക് 4.20 ലക്ഷം രൂപ വീതം ആകെ രണ്ടുകോടി ഇരുപത്തിരണ്ട് ലക്ഷത്തി അറുപതിനായിരം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവായതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ജില്ല കലക്‌ടറുടെ അധ്യക്ഷതയിലുള്ള അപ്പീല്‍ കമ്മിറ്റിയാണ് ഇവര്‍ നഷ്‌ടപരിഹാരത്തിന് അര്‍ഹരാണെന്ന് കണ്ടെത്തിയത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി ശുപാര്‍ശ ചെയ്‌തിട്ടുള്ള തൊഴിലാളികള്‍ക്കാണ് നഷ്‌ടപരിഹാരം അനുവദിച്ചത്.