തിരുവനന്തപുരം:റിട്ടയേര്‍ഡ് ഡിജിപി ജേക്കബ് തോമസിന് നല്‍കാനുള്ള ശമ്പളവും ആനൂകൂല്യങ്ങളും അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ശമ്പളവും ആനുകൂല്യങ്ങളും അടക്കം 40,88,000 രൂപയാണ് അനുവദിച്ചത്. സര്‍വീസിലിരുന്ന സമയത്തെ അവസാന മാസങ്ങളിലെ ശമ്പളം ജേക്കബ് തോമസിന് സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്‌ടറായിരുന്ന ജേക്കബ് തോമസിന് കമ്പനിയുടെ മോശം സാമ്പത്തിക സ്ഥിതി ചൂണ്ടികാട്ടിയാണ് ശമ്പളവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കാതിരുന്നത്.
ഡിജിപി ജേക്കബ് തോമസിൻ്റെ ശമ്പള കുടിശിക നൽകാൻ സര്‍ക്കാര്‍ തീരുമാനം - ശമ്പളവും ആനൂകൂല്യങ്ങളും
ശമ്പളവും ആനുകൂല്യങ്ങളും അടക്കം 40,88,000 രൂപയാണ് അനുവദിച്ചത്. സര്‍വീസിലിരുന്ന സമയത്തെ അവസാന മാസങ്ങളിലെ ശമ്പളം ജേക്കബ് തോമസിന് സര്‍ക്കാര്‍ നല്‍കിയിരുന്നില്ല
സര്‍വീസില്‍ നിന്ന് വിരമിച്ച് ഏഴ് മാസം കഴിഞ്ഞിട്ടാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചത്. വിജിലന്‍സ് ഡയറക്‌ടറായിരിക്കെ ഒന്നര വര്‍ഷത്തിലേറെക്കാലം ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായിരുന്നു. അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിന്‍റെ ഉത്തരവോടെ സര്‍വീസില്‍ തിരിച്ചെത്തിയപ്പോഴാണ് ജേക്കബ് തോമസിനെ തീര്‍ത്തും അപ്രധാന പൊതുമേഖലാ സ്ഥാപനമായ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ നിയമിച്ചത്.
ഏറ്റവും മുതിര്‍ന്ന ഡിജിപിയെന്ന നിലയില്‍ സംസ്ഥാന പൊലീസ് മേധാവി, വിജിലന്‍സ് ഡയറക്‌ടര്‍ തുടങ്ങിയ തസ്‌തികകളില്‍ നിയമിക്കണമെന്നായിരുന്നു ജേക്കബ് തോമസിന്‍റെ ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം നിരസിച്ചിരുന്നു. വിജിലന്‍സ് കേസ് ചൂണ്ടികാട്ടിയായിരുന്നു സര്‍ക്കാര്‍ ജേക്കബ് തോമസിന്‍റെ ആവശ്യം നിരസിച്ചത്. അതിനാൽ തന്നെ ഇതുവരെ എഎഎസ്, ഐപിഎസ് ഉദ്യേഗസ്ഥരെ നിയമിക്കാത്ത പൊതുമേഖല സ്ഥാപനത്തിലാണ് അദ്ദേഹത്തെ നിയമിച്ചതും. നിലവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ജേക്കബ് തോമസ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.