തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിൽ വനിത കമ്മീഷന്‍റെ പുതിയ ആസ്ഥാന മന്ദിരം മോടിപിടിപ്പിക്കാൻ 75 ലക്ഷം അനുവദിച്ച് സർക്കാർ. കൊവിഡിനെ തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം നട്ടം തിരിയുന്നതിനിടെയാണ് സർക്കാരിന്‍റെ പുതിയ ഉത്തരവ്. തുക അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവിന്‍റെ പകർപ്പ് ഇടിവി ഭാരതിന് ലഭിച്ചു.
വനിത കമ്മീഷന്‍റെ പുതിയ ആസ്ഥാന മന്ദിരം മോടിപിടിപ്പിക്കാൻ 75 ലക്ഷം അനുവദിച്ച് സർക്കാർ - womens commission building special
കൊവിഡിനെ തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം നട്ടം തിരിയുന്നതിനിടെയാണ് സർക്കാരിന്‍റെ പുതിയ ഉത്തരവ്.
തമ്പാനൂരിലെ കെഎസ്ആർടിസി ബസ് ടെർമിനലിന്‍റെ ഏഴാം നിലയിലാണ് വനിത കമ്മീഷന് പുതിയ ആസ്ഥാനം ഒരുങ്ങുന്നത്. ഓഫീസിന്‍റെ ഇന്‍റീരിയർ ജോലികൾക്കും ഫർണിച്ചറുകൾ വാങ്ങുന്നതിനും ഒരു കോടി പത്ത് ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട് കമ്മീഷൻ മെമ്പർ സെക്രട്ടറി സർക്കാരിന് കത്ത് നൽകിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാർ അത് നിരസിച്ചു. തുടർന്നാണ് പുതിയ പ്രപ്പോസൽ പ്രകാരം 75 ലക്ഷം രൂപ അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചെലവുകൾ ചുരുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇത് പ്രകാരം ഒരു വർഷത്തേക്ക് സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കൽ പുതിയ ഫർണിച്ചറുകൾ, വാഹനങ്ങൾ എന്നിവ വാങ്ങുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. ഇത് നില നിൽക്കുമ്പോഴാണ് വനിത കമ്മീഷന്‍റെ പുതിയ ആസ്ഥാന മന്ദിരം മോടിപിടിപ്പിക്കാൻ ലക്ഷങ്ങൾ ചെലവഴിക്കുന്നത്.