കേരളം

kerala

ETV Bharat / state

മഞ്ഞലോഹത്തിന്‍റെ കാണാക്കാഴ്ചകൾ: നാൾ വഴിയില്‍ കേരളം - തിരുവനന്തപുരം

ലൈസൻസുള്ള ഡീലർക്ക് പോലും രണ്ട് കിലോയിൽ കൂടുതൽ സ്വർണ്ണം കൈവശം വെക്കാനാവില്ലെന്ന നിയമം വന്നതോടെ കള്ളക്കടത്തും ഹവാല റാക്കറ്റുകളും വളർന്നു. ഇന്ത്യയിലെ സ്വർണ്ണ വ്യാപാരത്തിന്‍റെ വലിയൊരു ഭാഗം കരിഞ്ചന്തയിലേക്ക് നീങ്ങുകയും പിന്നീട് ഇത് മൂന്ന് പതിറ്റാണ്ടുകളായി തുടരുകയും ചെയ്‌തു.

കേരളത്തിലെ സ്വർണ്ണക്കടത്ത്  Gold smuggling in Kerala  കേരളം  സ്വർണം  സ്വർണ്ണക്കടത്ത്  Gold smuggling  തിരുവനന്തപുരം  thiruvananthapuram
മഞ്ഞലോഹത്തിന്‍റെ കാണാക്കാഴ്ചകൾ: നാൾ വഴിയില്‍ കേരളം

By

Published : Jul 10, 2020, 2:10 PM IST

Updated : Jul 10, 2020, 3:18 PM IST

1960 കളിൽ ആരംഭിച്ച സ്വർണ്ണ നയത്തിന്‍റെ ഫലമാണ് കേരളത്തിലെ സ്വർണ്ണക്കടത്ത്. 1962ൽ അന്നത്തെ കേന്ദ്ര ധനമന്ത്രിയായിരുന്ന മൊറാർജി ദേശായി കൊണ്ടുവന്ന സ്വർണ്ണ (നിയന്ത്രണ) നിയമം ബാങ്കുകൾ വിതരണം ചെയ്‌ത എല്ലാ സ്വർണ്ണ വായ്‌പകളും തിരിച്ചെടുക്കുകയും സ്വര്‍ണത്തിന്‍റെ മുന്നോട്ടുള്ള വ്യാപാരം നിരോധിക്കുകയും ചെയ്‌തു. തൊട്ടടുത്ത വർഷം തന്നെ ഒരു നിയമ ഭേദഗതി വരുകയും 14 കാരറ്റിന് മുകളിലുള്ള ആഭരണങ്ങളുടെ നിർമാണം നിരോധിക്കുകയും ചെയ്‌തു. 1968ൽ ഇന്ത്യയിലെ സ്വർണ്ണ ഉപഭോക്താവിന് ഏറ്റവും വലിയ തിരിച്ചടിയായി സ്വർണ്ണക്കട്ടകളും നാണയങ്ങളും കൈവശം വെയ്ക്കുന്നത് നിരോധിച്ചു.

നിയമപ്രകാരം ലൈസൻസുള്ള ഡീലർക്ക് പോലും രണ്ട് കിലോയിൽ കൂടുതൽ സ്വർണ്ണം കൈവശം വെക്കാനാവില്ല. ആറുവർഷക്കാലം എടുത്ത ഈ നടപടികൾ കള്ളക്കടത്തിനും ഹവാല റാക്കറ്റുകളുടെയും വളർച്ചക്കും കാരണമായി. സ്വർണ്ണക്കടത്ത് പ്രധാനമായും കരയിലൂടെയും അനൗദ്യോഗിക റൂട്ടുകളിലെ ഹവാല മാര്‍ഗങ്ങളിലൂടെയുമായിരുന്നു. ഇന്ത്യയിലെ സ്വർണ്ണ വ്യാപാരത്തിന്‍റെ വലിയൊരു ഭാഗം കരിഞ്ചന്തയിലേക്ക് നീങ്ങുകയും, പിന്നീട് ഇത് മൂന്ന് പതിറ്റാണ്ടുകളായി തുടരുകയും ചെയ്‌തു. 1990ൽ ഇന്ത്യ സ്വർണ്ണ (നിയന്ത്രണ) നിയമം റദ്ദാക്കുകയും 1997ൽ സ്വർണ്ണ ഇറക്കുമതി ഉദാരവൽക്കരിക്കുകയും ചെയ്‌തപ്പോൾ കാര്യങ്ങൾ മാറിത്തുടങ്ങി.

ആഗോള സാമ്പത്തിക മാന്ദ്യം 2013-14ൽ ഇന്ത്യയെ ബാധിച്ചപ്പോൾ രാജ്യം കറന്‍റ് അക്കൗണ്ട് കമ്മി പ്രതിസന്ധിലേക്ക് നീങ്ങി. തുടര്‍ന്ന് കേന്ദ്രം കസ്റ്റംസ് തീരുവ വർധിപ്പിക്കുകയും, ആഭ്യന്തര സ്വർണ്ണ വായ്‌പകൾ നിയന്ത്രിക്കുകയും, കുപ്രസിദ്ധമായ 80:20 നിയമം അവതരിപ്പിക്കുകയും ചെയ്‌തു. സ്വർണ്ണ ഇറക്കുമതി തടയുകയെന്ന ലക്ഷ്യത്തോടെ, സ്വർണ്ണ ഇറക്കുമതിയുടെ 80 ശതമാനം വരെ ആഭ്യന്തര വിപണിക്കായി ഉപയോഗിക്കാമെന്നും, 20 ശതമാനം എങ്കിലും കയറ്റുമതി ചെയ്യണമെന്ന വ്യവസ്ഥയിൽ വിൽക്കാമെന്ന് ഈ നിയമത്തിൽ പറയുന്നു. കസ്റ്റംസ് തീരുവ ഒഴികെ 2014 അവസാനത്തോടെ, ബാക്കി കടുത്ത നിയന്ത്രണങ്ങൾ പിൻവലിച്ചു.

അതിനുശേഷം സംഭവിച്ചത് തീർത്തും അപ്രതീക്ഷിതമായിരുന്നു. സ്വർണത്തിന്‍റെ ആവശ്യം എന്നത്തേയും പോലെ ഉറച്ചുനിൽക്കുകയും സ്വർണ്ണക്കടത്ത് തുടരുകയും ചെയ്‌തു. പണമയക്കുന്നതിലൂടെ സ്വർണ്ണക്കടത്തിന് പണം നൽകാനാണ് ഹവാല മാർക്കറ്റ് വികസിപ്പിച്ചത്. സ്വര്‍ണ്ണക്കടത്ത് കരിഞ്ചന്ത ഉയർന്നു വന്നു. കള്ളക്കടത്ത് വ്യവസായം വിപുലമായതോടെ മയക്കുമരുന്ന് കടത്തും ആരംഭിച്ചു. കറുത്ത സമ്പദ്‌വ്യവസ്ഥയും നികുതി വെട്ടിപ്പും വ്യാപകമായി.

സമീപകാല കേസുകൾ

ഗൾഫിൽ നിന്ന് സ്വർണ്ണം കടത്തിയ രണ്ട് മലയാളികൾ കൊല്ലപ്പെട്ടു

ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണം കടത്തിക്കൊണ്ടിരുന്ന മലബാർ മേഖലയിൽ നിന്നുള്ള രണ്ട് മലയാളി യുവാക്കൾ മംഗലാപുരത്തുവെച്ച് ക്രൂരമായി കൊല്ലപ്പെട്ടു. ജൂലൈ ഒന്നിനാണ് കൊലപാതകം നടന്നതെന്നും, ഇരകളുടെ ജീർണിച്ച മൃതദേഹങ്ങൾ 2014 ജൂലൈ ആറിന് കണ്ടെടുത്തു. ഗൾഫ് ആസ്ഥാനമായുള്ള കള്ളക്കടത്ത് റാക്കറ്റുകൾ യുവാക്കളെ വിവിധ സ്ഥലങ്ങളിലേക്ക് സ്വർണം കൊണ്ടുപോകാൻ പ്രേരിപ്പിക്കുകയും അവർക്ക് വിമാന ടിക്കറ്റും പണവും വാഗ്‌ദാനം ചെയ്‌തതായും മംഗലാപുരം പൊലീസ് കമ്മീഷണർ വെളിപ്പെടുത്തി. ഇന്ത്യയിലെയും ഗൾഫ് മേഖലയിലെയും വില വ്യത്യാസത്തെത്തുടർന്ന് അടുത്ത കാലത്തായി സ്വർണ്ണക്കടത്ത് വർധിച്ചുകൊണ്ടിരിക്കുകയാണ്. സ്വർണ്ണം കടത്താൻ ശ്രമിക്കുന്നതിനിടെ നിരവധി സ്വർണ്ണക്കടത്തുകാരെ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിന്ന് പിടികൂടി.

സ്വർണ്ണ കള്ളക്കടത്ത്; ഒരു സ്വർണ്ണ ഇടനാഴി

ഇറക്കുമതി തീരുവയും നിയന്ത്രണങ്ങളും സ്വർണ്ണത്തിന്‍റെ വില കൂട്ടിയതോടെ കള്ളക്കടത്ത് കേരളത്തിലെ വിമാനത്താവളങ്ങളിൽ തിരിച്ചെത്തി. കടത്തുകേസുകളുടെ അറസ്റ്റിൽ 400 ശതമാനം വർധനവുണ്ടായതായും, മൂല്യത്തിൽ 300 ശതമാനം പിടിച്ചെടുത്തെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണം വൻ തോതിൽ പിടികൂടുന്നു. മിഡിൽ ഈസ്റ്റിൽ നിന്ന് എത്തുന്ന ഓരോ വിമാനങ്ങളിൽ നിന്നും ഇപ്പോൾ 40-80 കിലോഗ്രാം വരെ സ്വർണ്ണം പിടികൂടുന്നു. ഇത് കസ്റ്റംസ് തീരുവയിലേക്ക് 86.8 ലക്ഷം മുതൽ 1.74 കോടി രൂപ വരെ ചേർക്കും. ഇത് ഒരു വിമാനത്തിന്‍റെയോ, ഒരു വിമാനത്താവളത്തിന്‍റെയോ മാത്രം കണക്കാണ്. മിഡിൽ ഈസ്റ്റിൽ നിന്ന് ആഴ്‌ചയിൽ ശരാശരി 120 വിമാനങ്ങളാണ് കേരളത്തിൽ എത്തുന്നത്.

സ്വർണ്ണക്കടത്ത് കേസ്; കേരളത്തിൽ അഭിഭാഷകൻ ഡിആർഐക്ക് മുന്നിൽ കീഴടങ്ങി

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം വഴി സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായ അഭിഭാഷകൻ റവന്യൂ ഇന്‍റലിജൻസ് വകുപ്പ് (ഡിആർഐ) ഉദ്യോഗസ്ഥരുടെ മുമ്പിൽ കീഴടങ്ങി. അഭിഭാഷകൻ എം. ബിജുവാണ് കീഴടങ്ങിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്യുമെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു.

6.21 കോടി വിലവരുന്ന സ്വർണ്ണം കസ്റ്റംസ് പിടിച്ചെടുത്തു

ആറ് കോടിയോളം വിലയുള്ള സ്വർണ്ണം പിടിച്ചെടുത്തു. കുപ്രസിദ്ധമായ കള്ളക്കടത്ത് സിൻഡിക്കേറ്റിന്‍റെ ഭാഗമെന്ന് ആരോപിച്ച് രണ്ട് കള്ളക്കടത്തുകാരെ കസ്റ്റംസ് അറസ്റ്റ് ചെയ്‌തു. ചൊവ്വാഴ്‌ച രാത്രി ബേക്കൽ ടോൾ ബൂട്ടിന് സമീപം അതിവേഗത്തില്‍ സഞ്ചരിച്ചിരുന്ന കാറിനെ കസ്റ്റംസ് സംഘം പിന്തുടരുകയും, പിന്നീട് 15.525 കിലോഗ്രാം സ്വർണം വാഹനത്തിലെ പ്രത്യേകം നിർമിച്ച അറകളിൽ ഒളിപ്പിച്ചതായി കസ്റ്റംസ് കണ്ടെത്തുകയും ചെയ്‌തതായി കമ്മീഷണർ സുമിത് കുമാർ പറഞ്ഞു.

കേരളവും സ്വര്‍ണ്ണവും

കേരളത്തിലെ സ്വർണ്ണ ഉപഭോഗം

മാസം ഉപഭോഗം കാരണം
ജനുവരി-മാര്‍ച്ച് ഇടത്തരം
ഏപ്രില്‍-മെയ് കൂടുതല്‍ കല്യാണങ്ങള്‍, അക്ഷയ തൃതീയ
ജൂണ്‍-ഓഗസ്റ്റ് കുറവ് മഴക്കാലം
സെപ്റ്റംബർ-ഡിസംബര്‍ കൂടുതല്‍ ഓണം, ദീപാവലി, ക്രിസ്തുമസ്, പൊങ്കൽ, കല്യാണങ്ങള്‍

സ്വർണ്ണ ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്താണ് കേരളം

കേരളത്തിന്‍റെ വാർഷിക ഉപഭോഗം 60 ടണ്ണും, ഇന്ത്യയുടെ വാർഷിക ഉപഭോഗം 750 ടണ്ണുമാണ്.

സ്വർണ്ണവും ദൈവ ഭക്തിയും

കേരളത്തിനെ യഥാർഥത്തിൽ സ്വർണ്ണത്തിന്‍റെ സ്വന്തം നാടാണെന്നും വിശേഷിപ്പിക്കാം. ദൈവം പോലും ഇവിടെ സ്വർണ്ണത്തെ സ്നേഹിക്കുന്നു. കേരളത്തിലെ പ്രശസ്‌തമായ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണ്ണം അടക്കം ഏതാണ്ട് 1.2 ടണ്‍ അമൂല്യ ലോഹങ്ങള്‍ ഉണ്ട്. തിരുവിതാംകൂർ രാജകുടുംബം ആയിരക്കണക്കിന് വർഷങ്ങളായി ക്ഷേത്രത്തിൽ സ്വർണ്ണ സമ്പത്ത് ശേഖരിക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. 18 അടി നീളമുള്ള ഒരു സ്വർണ്ണ മാല, 500 കിലോഗ്രാം ഭാരമുള്ള ഒരു സ്വർണ്ണ കവചം, ശുദ്ധമായ സ്വർണ്ണത്തിൽ നിന്ന് നിർമിച്ച 3.5 അടി ഉയരമുള്ള മഹാവിഷ്‌ണുവിന്‍റെ വിഗ്രഹം എന്നിവയും അതിലേറെ നിധികൾ ക്ഷേത്രത്തിൽ ഉണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിൽ ആറ് നിലവറകൾ ഉണ്ട്. ഇവയിൽ നിലവറ ബി ഇന്നുവരെ രഹസ്യമായി തുടരുന്നു. 2014ലെ റിപ്പോർട്ടുകൾ പ്രകാരം രണ്ട് നിലവറകൾ (ജി, എച്ച്) കൂടി കണ്ടെത്തി. ഇത് ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ ആരാധനാലയമായി കരുതപ്പെടുന്നു.

സ്വർണ്ണവും ഉത്സവങ്ങളും

ക്ഷേത്രങ്ങൾക്ക് ശേഷം, ഉത്സവങ്ങൾ കേരളീയരുടെ സ്വർണ്ണ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. കേരളത്തിലെ ഓണം, വിഷു എന്നീ ഉത്സവ വേളകളില്‍ സ്വർണ്ണ വിൽപ്പന കുതിച്ചുയരുന്നു. വിഷുദിനം കേരളീയരും സ്വർണ്ണവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. സ്വർണ്ണ നാണയങ്ങളും ആഭരണങ്ങളും സമ്മാനിക്കുന്നത് മുതൽ സ്വർണ്ണ വെള്ളരി വരെ ഈ പുതുവത്സര സീസണിൽ ജനപ്രിയമായി മാറും.

സ്വർണ്ണവും പണവും

ഉത്സവങ്ങളിൽ കേരളീയർ വാങ്ങുന്ന സ്വർണത്തിന്‍റെ അളവ് കണക്കിലെടുത്താൽ കേരളത്തിലെ ഏറ്റവും വലിയ മൂന്ന് സ്വർണ്ണ വായ്‌പാ കമ്പനികൾ ഒന്നിച്ച് കൈവശം വെച്ചിരിക്കുന്ന സ്വര്‍ണ്ണത്തിന്‍റെ അളവിന് മുകളില്‍ വരും. ബെൽജിയം, സിംഗപ്പൂർ, സ്വീഡൻ, ഓസ്‌ട്രേലിയ എന്നീ നാലു രാജ്യങ്ങളിലെ സ്വർണ്ണ ശേഖരത്തേക്കാൾ കൂടുതലാണ് കേരളത്തിലെ പണയ സ്വര്‍ണ്ണം.

സ്വർണ്ണവും ആഭരണങ്ങളും

കോഴിക്കോട് നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള കൊഡുവള്ളി എന്ന ഗ്രാമത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ നൂറിലധികം ജ്വല്ലറികളാണ് ഉള്ളത്.

സ്വർണ്ണവും വിവാഹവും

ആഡംബരത്തിന്‍റെ കാര്യത്തില്‍ കേരളത്തിലെ വധുവിനെ അലങ്കരിക്കുന്ന സ്വർണ്ണാഭരണങ്ങളെ വെല്ലാന്‍ മറ്റൊരു നാടില്ല. ഒരു ഉയർന്ന അല്ലെങ്കിൽ മധ്യവർഗ കേരള വധു ധരിക്കുന്ന സ്വർണ്ണാഭരണങ്ങളുടെ ശരാശരി ഭാരം 320 ഗ്രാം ആണ്.

തിരുവനന്തപുരം; സ്വർണ്ണക്കടത്തിന്‍റെ കേന്ദ്രം

തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളം സ്വർണ്ണക്കടത്ത് കേന്ദ്രമായി മാറിയെന്ന് കസ്റ്റംസ് ആൻഡ് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) അറിയിച്ചു. കൊവിഡ് ലോക്ക് ഡൗണിന് മുമ്പായി ദിനംപ്രതി 25 കിലോ സ്വർണ്ണം വിമാനത്താവളത്തിലൂടെ കടത്തിയിരുന്നതായി അധികൃതർ സംശയിക്കുന്നു.

കാരണങ്ങൾ

തിരുവനന്തപുരം വിമാനത്താവളത്തെ കള്ളക്കടത്തിന് സുരക്ഷിത താവളമാക്കി മാറ്റുന്ന നിരവധി ഘടകങ്ങൾ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. വിമാനത്താവളം നഗരത്തിനകത്ത് സ്ഥിതി ചെയ്യുന്നതിനാൽ, മറ്റ് സംഘങ്ങൾ തിരക്കേറിയ പ്രദേശത്ത് നിന്ന് സ്വർണ്ണം മോഷ്‌ടിക്കാനുള്ള സാധ്യത കുറവാണ്. കൂടാതെ, നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്വർണം സുരക്ഷിതമായി സൂക്ഷിക്കാം. തിരുവനന്തപുരം അതിർത്തി ജില്ലയായതിനാൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഇത് കടത്തുന്നത് എളുപ്പമാണ്. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിലൊന്നും ഈ അനുകൂല ഘടകങ്ങളില്ല.

കുറ്റവാളികളെ സഹായിക്കുന്ന മറ്റൊരു ഘടകം വിമാനത്താവളത്തിലെ 'ബ്ലൈൻഡ് സ്പോട്ടുകള്‍' ആണ്. എയർപോർട്ട് ടെക്‌നീഷ്യനിൽ നിന്ന് നേരത്തെ പത്ത് കിലോ സ്വർണം പിടിച്ചെടുത്തിരുന്നു. ടാർമാക്കിലൂടെയും എയറോബ്രിഡ്‌ജിലൂടെയും അയാള്‍ സഞ്ചരിച്ചതായി അധികൃതർ കണ്ടെത്തിയിരുന്നു. എന്നാൽ ചില പ്രദേശങ്ങളിൽ അയാളുടെ സാന്നിധ്യം കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല. ചില പ്രദേശങ്ങളിൽ സിസിടിവി ക്യാമറകളുടെ അഭാവമാണ് ഇതിന് കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഈ പ്രദേശങ്ങളിൽ ക്യാമറകൾ സ്ഥാപിക്കണമെന്ന് കസ്റ്റംസും ഡിആർഐയും ആവശ്യപ്പെട്ടതിനെത്തുടർന്ന് 500 ഓളം ക്യാമറകൾ സി.ഐ.എസ്.എഫ് സ്ഥാപിച്ചു.

Last Updated : Jul 10, 2020, 3:18 PM IST

ABOUT THE AUTHOR

...view details