എറണാകുളം:രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവില ഇന്ന് (12.03.2022) വീണ്ടും കൂടി. പവന് മുമ്പത്തെ വിലയിൽ 160 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ സ്വർണവില ഒരു ഗ്രാമിന് 4840 രൂപയും പവന് 38720 രൂപയുമായി.
സ്വർണവിലയിൽ തുടർച്ചയായ വർധനവിന് ശേഷം വ്യാഴാഴ്‌ചയായിരുന്നു ഗ്രാമിന് 160 രൂപ കുറഞ്ഞത്. വെള്ളിയാഴ്‌ച മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്നാണ് നേരിയ വർധനവ് രേഖപ്പെടുത്തിയത്. യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടി തുടരുന്ന സാഹചര്യത്തിൽ സ്വർണവിലയിൽ കുതിപ്പ് തുടരുകയായിരുന്നു.
യുക്രൈനിൽ റഷ്യ യുദ്ധം തുടങ്ങിയ ദിവസം മുതൽ സ്വർണവിപണിയിൽ വില ഉയരുന്ന സാഹചര്യമാണുണ്ടായിരുന്നത്. ഓഹരി വിപണികളിൽ ഉൾപെടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരെഞ്ഞെടുത്തതോടെയാണ് വിലകുതിച്ച് ഉയർന്നത്.
റഷ്യ - യുക്രൈൻ യുദ്ധത്തിൽ മറ്റു രാജ്യങ്ങൾ നേരിട്ട് ഇടപെടില്ലന്ന് വ്യക്തമായതോടെ സ്വർണവിലയിൽ നേരിയ കുറവ് സംഭവിച്ചിരുന്നു. എന്നാൽ യുദ്ധം നീളുന്ന സാഹര്യത്തിൽ സ്വർണവില വീണ്ടും ഉയരുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്‌ച രാവിലെ ഒരു ഗ്രാം സ്വർണത്തിന്‍റെ വിലയിൽ 130 രൂപയുടെ റെക്കോഡ് വർധനവാണ് രേഖപ്പെടുത്തിയത്. എന്നാൽ ഉച്ചയ്ക്ക് 40 രൂപ കുറയുകയും ചെയ്തു. നിലവിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്ന സാഹചര്യമാണ്.
ALSO READ:യുദ്ധമുഖത്ത് വിദ്യാർഥികളെ ചേർത്ത് നിർത്തിയ ഹീറോ ; കൈക്കുഞ്ഞുമായി നാട്ടിൽ മടങ്ങിയെത്തി റെനീഷ്