തിരുവനന്തപുരം: കുറ്റക്കാരനാണെന്ന വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് അഭയ കേസ് പ്രതി ഫാ. തോമസ് കോട്ടൂർ. ദൈവം തന്‍റെ കൂടെയുണ്ടെന്നും അതു കൊണ്ട് പേടിയില്ലയെന്നും ദൈവത്തിന്‍റെ പദ്ധതി അനുസരിച്ച് മുന്നോട്ട് പോകുമെന്നും തോമസ് കോട്ടൂർ പറഞ്ഞു. എന്നാൽ മറ്റൊരു പ്രതിയായ സിസ്റ്റര്‍ സെഫി കോടതി വിധിയോട് പ്രതികരിക്കാൻ തയ്യാറായില്ല.
ദൈവം തന്‍റെ കൂടെയുണ്ടെന്ന് ഫാ.തോമസ് കോട്ടൂർ; പ്രതികരിക്കാതെ സിസ്റ്റര്‍ സെഫി
28 വർഷത്തിന് ശേഷമാണ് കോടതിയുടെ സുപ്രധാന വിധി
ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഫാ.തോമസ് കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിത ജയിലിലേക്കും മാറ്റി. തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇരുവരെയും വൈദ്യ പരിശോധനയ്ക്കും കൊവിഡ് പരിശോധനയ്ക്കും ശേഷമാണ് ജയിലിലേക്ക് മാറ്റിയത്. ആശുപത്രിയിലും ഭാവഭേദമില്ലാതെയായിരുന്നു ഇരുവരുടെയും പെരുമാറ്റം. കൊവിഡ് പരിശോധന ഫലം ലഭിക്കാൻ വൈകിയതോടെ ആശുപത്രിയിലെ നടപടികൾ ഒരു മണിക്കൂറോളം നീണ്ടു. ആശുപത്രിയും പരിസര പ്രദേശങ്ങളും പ്രതികളെ കാണാനായെത്തിയ ജനങ്ങളാൽ നിറഞ്ഞിരുന്നു. അഭയ കൊലക്കേസ് നടന്ന് നീണ്ട 28 വർഷത്തിന് ശേഷമാണ് കോടതിയുടെ സുപ്രധാന വിധി.