തിരുവനന്തപുരം : ബാലരാമപുരം മതപഠന കേന്ദ്രത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ പൂന്തുറ സ്വദേശിയായ യുവാവിനെതിരെ പോക്സോ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടി പീഡനത്തിന് ഇരയായത് മതപഠനശാലയിൽ എത്തുന്നതിന് മുമ്പാണെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.
മെയ് 16നാണ് ബാലരാമപുരത്തെ അല്‍ അമന്‍ മതപഠനശാലയില്‍ 17കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെയ് 15ന് ഉച്ചയോടെ കുട്ടി അമ്മയെ വിളിച്ച് സ്ഥാപനത്തില്‍ എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. മകളുടെ ആവശ്യപ്രകാരം മതപഠനശാലയില്‍ എത്തിയ അമ്മയോട് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായാണ് അധികൃതര്‍ അറിയിച്ചത്.
പെണ്‍കുട്ടിയുടെ മരണത്തില്‍ കുടുംബം തുടക്കത്തില്‍ തന്നെ ദുരൂഹതയുണ്ടെന്ന് ആരോപിച്ചിരുന്നു. ബാലരാമപുരം പൊലീസ് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്‌തിരുന്നു. ഒരു വര്‍ഷത്തിലേറെയായി പെണ്‍കുട്ടി അല്‍ അമന്‍ മതപഠന കേന്ദ്രത്തില്‍ താമസിച്ച് പഠിക്കുകയായിരുന്നു.
എല്ലാ വെള്ളിയാഴ്‌ചകളിലും കുട്ടി വീട്ടില്‍ വിളിക്കാറുണ്ട്. എന്നാല്‍ മരിക്കുന്നതിന് തൊട്ട് മുമ്പുള്ള വെള്ളിയാഴ്‌ച പെണ്‍കുട്ടി വീട്ടിലേക്ക് വിളിക്കാതിരുന്നതിനെ തുടര്‍ന്ന് അമ്മ സ്ഥാപനത്തിലേക്ക് വിളിക്കുകയാണ് ഉണ്ടായത്.
ശേഷം അമ്മയെ തിരികെ വിളിച്ചപ്പോഴാണ് കുട്ടി സ്ഥാപനത്തിലേക്ക് വരണമെന്ന് അറിയിച്ചത്. അല്‍ അമനിലെ ഉസ്‌താദും ടീച്ചറും തന്നെ വഴക്ക് പറഞ്ഞെന്ന് കുട്ടി പരാതിപ്പെട്ടതായും ബന്ധുക്കള്‍ പറഞ്ഞു. മതപഠന കേന്ദ്രത്തിന്‍റെ അടുക്കള ഭാഗത്തോട് ചേര്‍ന്നുള്ള മുറിയിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Also Read: കോണ്‍വെന്‍റില്‍ 27കാരി മരിച്ച നിലയില്‍ : ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വെട്ടുതുറ കോണ്‍വെന്‍റില്‍ കന്യാസ്‌ത്രീയാകാന്‍ പഠിക്കുന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി അന്നപൂരണി (27) യെയാണ് കോണ്‍വെന്‍റിലെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ നടക്കുന്ന പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഒപ്പമുള്ളവര്‍ അന്വേഷിച്ചപ്പോഴാണ് അന്നപൂരണിയെ മുറിയില്‍ കണ്ടെത്തിയത്.
മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കോണ്‍വെന്‍റ് അധികൃതര്‍ വാതില്‍ തള്ളിത്തുറന്നപ്പോഴാണ് അന്നപൂരണിയെ മരിച്ച നിലയില്‍ കണ്ടത്. മുറിയില്‍ നിന്ന് ഒരു കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തലേനാള്‍ വരെ അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്ന് കോണ്‍വെന്‍റ് അധികൃതര്‍ പൊലീസിനോട് വ്യക്തമാക്കി.
Also Read:വെട്ടുതുറ കോണ്‍വെന്‍റില്‍ കന്യാസ്‌ത്രീയാകാന്‍ പഠിക്കുന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
ഒരു വര്‍ഷം മുമ്പായിരുന്നു അന്നപൂരണി വെട്ടുതുറ കോണ്‍വെന്‍റില്‍ എത്തിയത്. ഇതിനിടെ മഹാരാഷ്‌ട്രയില്‍ സേവനത്തിനായി പോയിരുന്നു. മരിക്കുന്നതിന് ഒരുമാസം മുമ്പാണ് മഹാരാഷ്‌ട്രയില്‍ നിന്ന് യുവതി കോണ്‍വെന്‍റില്‍ തിരിച്ചെത്തിയത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടി ജുമ മസ്‌ജിദില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മഞ്ചേരി പുല്ലാര പേരാപുരം സ്വദേശി അബ്‌ദുല്ലക്കുട്ടിയെയാണ് (65) പള്ളിയുടെ ഒന്നാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിയിലെത്തിയ കുട്ടികളാണ് വയോധികനെ നിലത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മുതിര്‍ന്നവരെത്തി പരിശോധിച്ചപ്പോള്‍ മരണം സംഭവിച്ചതാണെന്ന് തിരിച്ചറിഞ്ഞു. സാമ്പത്തിക സഹായത്തിനായാണ് ഇയാള്‍ പള്ളിയില്‍ എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.