തിരുവനന്തപുരം: നെടുമങ്ങാട് നിന്ന് രണ്ടാഴ്‌ച മുമ്പ് കാണാതായ 16 കാരിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് മഞ്ചു (38), കാമുകൻ അനീഷ് (32) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കുട്ടിയെ കൊലപ്പെടുത്തി പൊട്ടക്കിണറ്റിൽ തള്ളിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അമ്മയുടെ കാമുകൻ അനീഷിനെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
നെടുമങ്ങാട് നഗരസഭയിലെ കാരാന്തലയില്‍ നിന്നും രണ്ടാഴ്‌ച മുമ്പ് കാണാതായ കാരാന്തല കുരിശടിയില്‍ മഞ്ചുവിനെയും കാമുകന്‍ ഇടമല സ്വദേശി അനീഷിനെയും വെള്ളിയാഴ്‌ച തമിഴ്‌നാട്ടില്‍ നിന്നാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. വീടിന് സമീപത്തെ കിണറ്റിൽ മൃതദേഹം ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് സി ഐ രാജേഷ് കുമാറിന്‍റെയും എസ് ഐ സുനിൽ ഗോപിയുടെയും നേതൃത്വത്തിലുള്ള സംഘം രാത്രിയിൽ തെരച്ചിൽ നടത്തിയിരുന്നു. മഞ്ചു ഏറെനാളായി പറണ്ടോട് വാടകവീട്ടിൽ മകൾക്കൊപ്പമാണ് താമസം.