ഖാദർ കമ്മിറ്റി റിപ്പോർട്ട് ഉടൻ; ഗ്രേഡിങ് പരിഗണനയിൽ: വി ശിവൻകുട്ടി - ഗ്രേഡിംഗ് സംവിധാനം
ഖാദർ കമ്മിറ്റി നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ കർമ്മസമിതിയെ രൂപീകരിച്ചു. എല്ലാ അധ്യാപക സംഘടനകളുമായും ചർച്ച നടത്തി ഗ്രേഡിങ് സംവിധാനം കൊണ്ടുവരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. പരിഷ്‌കരണങ്ങൾ നടപ്പിലാക്കാൻ എല്ലാ അധ്യാപകരുടെയും പിന്തുണ തേടി പൊതുവിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ഖാദർ കമ്മിറ്റി ശിപാർശകൾ നടപ്പിലാക്കാൻ കർമസമിതി രൂപീകരിച്ചുവെന്നും പൊതുവിദ്യാഭ്യാസ രംഗത്തെ ഏകീകരണ പ്രവർത്തനങ്ങൾ ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളുടെ അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങൾ വിലയിരുത്തി ഗ്രേഡിങ് സംവിധാനം കൊണ്ടുവരുന്നത് സംബന്ധിച്ച് എല്ലാ അധ്യാപക സംഘടനകളുമായും ചർച്ച നടത്തും. ഓരോ സ്‌കൂളിനെയും വിലയിരുത്തി ഗ്രേഡിങ് രേഖപ്പെടുത്താനും ഭാവി പ്രവർത്തനങ്ങൾ അതിനനുസരിച്ച് ആസൂത്രണം ചെയ്യാനുമാകണം എന്നതാണ് ആശയം. കെഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വിദ്യാർഥി കേന്ദ്രീകൃത - അധ്യാപക സൗഹൃദ പുത്തൻ വിദ്യാഭ്യാസ പരിഷ്‌കരണങ്ങൾ നടപ്പിലാക്കാനും കൂടുതൽ വളർച്ചക്കായും അധ്യാപകരുടെ പിന്തുണ വേണമെന്ന് മന്ത്രി അറിയിച്ചു. വിദ്യാഭ്യാസ പരിഷ്‌കരണത്തിനായി സ്‌കൂൾ സമയമാറ്റം തൊട്ട് വിവിധ മാർഗനിർദേശങ്ങളാണ് സർക്കാർ നിയോഗിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. വിദ്യാഭ്യാസ മേഖലയിൽ നിരവധി പരിഷ്‌കരണങ്ങളുമായെത്തിയ ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ അഞ്ചു മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് ഉച്ചയ്ക്ക് രണ്ടു മണിമുതൽ 4 മണി വരെ പഠന അനുബന്ധകാര്യങ്ങൾക്കും കലാകായിക കാര്യങ്ങൾക്കും സമയം ചെലവഴിക്കാം, എഴുത്തു പരീക്ഷ രീതി കാലോചിതമായി പരിഷ്‌കരിക്കാം, പൊതുപരീക്ഷ ദിനങ്ങൾ കുറയ്ക്കും, എസ്എസ്എൽസി - ഹയർസെക്കൻഡറി ക്‌ളാസുകളിൽ ഗ്രേസ് മാർക്ക് കൊണ്ട് നേടാവുന്ന പരമാവധി മാർക്ക് 79% ആക്കുക, അധ്യാപക നിയമനത്തിനായി പ്രത്യേക റിക്രൂട്ട്മെൻറ് ബോർഡ് തുടങ്ങി നിരവധി നിർദേശങ്ങൾ നൽകുന്നു.