തിരുവനന്തപുരം : മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന ഇന്ത്യയുടെ മഹാത്മാവ് തന്‍റെ 78 കൊല്ലക്കാലത്തെ ജീവിതത്തിനിടെ അഞ്ചുതവണയാണ് കേരളം സന്ദർശിച്ചത്. ഒക്‌ടോബർ രണ്ട് ഗാന്ധി ജയന്തി (Gandhi Jayanthi) ദിനത്തിന്‍റെ ഭാഗമായി കേരളത്തിൽ ഗാന്ധിജി സന്ദർശിച്ചയിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസം പ്രാർഥനാപൂർവ്വം പുഷ്‌പാർച്ചനകളും അനുസ്‌മരണ പരിപാടികളും നടന്നു. എന്നാൽ കേരളത്തിൻ്റെ തലസ്ഥാന നഗര ഹൃദയത്തിൽ സെക്രട്ടേറിയറ്റിൽ നിന്നും വിളിപ്പാടകലെ ഒരു ഗാന്ധി സ്‌മൃതി മണ്ഡപം കാടുമൂടിയ നിലയിലാണ് (Gandhi Statue Remains Locked).
പാമ്പ് കടി പേടിച്ചാണ് സമീപത്തെ റെസിഡൻസ് അസോസിയേഷൻ അംഗങ്ങളും ഗാന്ധി സാംസ്‌കാരിക സമിതി പ്രവർത്തകരും ഇവിടെ പുഷ്‌പാർച്ചനയ്ക്ക് എത്തുന്നത്. വിദ്യാലയങ്ങളിൽ പോലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ജാതി വിഭാഗങ്ങളിലെ ജനങ്ങൾക്ക് തന്‍റെ സ്വന്തം തയ്യൽക്കടയിൽ ജുബ്ബ രാമകൃഷ്‌ണ പിള്ള (Jubba Ramakrishna Pillai ) തയ്യൽ പഠനത്തിന് അവസരമൊരുക്കി. ഇക്കാര്യമറിഞ്ഞാണ് സ്വാതന്ത്ര്യ സമര സേനാനിയായ ജുബ്ബ രാമകൃഷ്‌ണ പിള്ളയെ കാണാൻ ഗാന്ധിജി ഇവിടെയെത്തിയത്.