കേരളം

kerala

ETV Bharat / state

'സുധാകരനെ കൊല്ലാന്‍ വാടക കൊലയാളിയെ വിട്ടു'; സിപിഎമ്മിന് എതിരെ വീണ്ടും ജി ശക്തിധരന്‍, സൈബര്‍ പോരാളികള്‍ക്ക് മുന്നറിയിപ്പും

ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ സിപിഎം നേതാക്കള്‍ക്കെതിരെ വീണ്ടും ഗുരുതര ആരോപണം ഉന്നയിച്ചത്.

G Sakthidharan allegation on CPM leaders again  G Sakthidharan allegation on CPM leaders  G Sakthidharan  G Sakthidharan allegation  സിപിഎം  ജി ശക്തിധരന്‍  ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍  കെ സുധാകരനെ കൊല്ലാന്‍ സിപിഎം
G Sakthidharan allegation on CPM leaders again

By

Published : Jul 1, 2023, 11:47 AM IST

തിരുവനന്തപുരം: കൈതോല പായയില്‍ പണം കടത്തിയെന്ന ആരോപണത്തിന് പിന്നാലെ സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ കൊല്ലാന്‍ സിപിഎം വാടക കൊലയാളിയെ വിട്ടുവെന്ന ആരോപണമാണ് ശക്തിധരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചിരിക്കുന്നത്. അന്ന് തൊട്ടു തൊട്ടില്ല എന്ന് എത്തിയതല്ലേയെന്നും കൊല്ലാനയച്ചവരില്‍ ഒരു അഞ്ചാംപത്തി ഉണ്ട് എന്നത് സത്യം അല്ലേയെന്നുമാണ് ശക്തിധരന്‍ കുറിച്ചിരിക്കുന്നത്.

സുധാകരനെതിരെ കേസെടുത്തതിലുള്ള പ്രതികാരത്തെ തുടര്‍ന്നാണ് സിപിഎമ്മിനെതിരെ പോസ്റ്റിട്ടതെന്ന് സൈബര്‍ പോരാളികളുടെ പരാമര്‍ശത്തെ വിമര്‍ശിച്ചാണ് ശക്തിധരന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സുധാകരനെ പെണ്ണുകേസിലോ പണം തിരിമറി കേസിലോ മറ്റേതെങ്കിലും കേസിലോ ജയിലിലിട്ടാലേ സ്വൈര്യമായി ഭരിക്കാനാകൂ എങ്കില്‍ അത് ചെയ്യണം. അതിന് എന്‍റെ പേര് കൂടി കൂട്ടിക്കെട്ടേണ്ട കാര്യമെന്താണ് എന്താണ് ശക്തിധരന്‍ കുറിപ്പില്‍ പറയുന്നത്.

തനിക്കെതിരെ സൈബര്‍ ആക്രമണം കൂടാതെ ഫോണില്‍ വിലിച്ചും അസഭ്യം പറയുകയാണ്. ഇത്തരത്തില്‍ അശ്ലീലം പറഞ്ഞ് ആക്രമിക്കാന്‍ ശവങ്ങളെ നിങ്ങള്‍ക്ക് മനസാക്ഷി ഉണ്ടോയെന്നും ശക്തിധരന്‍ ചോദിക്കുന്നു. ഇനിയും ആക്രമണം തുടര്‍ന്നാല്‍ എന്ന ഭീഷണിയും ശക്തിധരന്‍ കുറിച്ചിട്ടുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം: എന്‍റെ കാളരാത്രികള്‍ തുടങ്ങിയിട്ടേയുള്ളൂ, എന്‍റെ ജീവിതത്തിന്‍റെ സ്വൈര്യത ഒരുപറ്റം തെമ്മാടികള്‍ ഒത്തുചേര്‍ന്ന് ചവിട്ടിയരക്കുന്നതിനെ നിസഹായമായി നോക്കി നില്‍ക്കേണ്ടി വരുന്ന അവസ്ഥയായിരുന്നു ഇന്നലത്തെ ദിവസം. അശ്ലീല പേമാരിയിലായിരുന്നു ഇന്നലെ എന്‍റെ വീട്.

ആദ്യത്തെ കോള്‍ സൗഹൃദത്തോടെ സംസാരിച്ചു തുടങ്ങിയ ഒരുവന്‍ ജനശക്തിയുടെ മാഹാത്മ്യം എന്നോട് തന്നെ കേള്‍പ്പിച്ചശേഷം പൊടുന്നനെ ശരീരത്തിലെ ഗുഹ്യഭാഗങ്ങള്‍ വലിച്ചിട്ട് താണ്ഡവമാടി. ഫോണ്‍ കട്ട് ചെയ്തെങ്കിലും അത് നിലച്ചില്ല. തുടര്‍ന്ന് അശ്ലീല കോളുകളുടെ പ്രവാഹമായി. കൂട്ടത്തില്‍ അതിഭീകരമായ മെസേജുകളും.

ഏറെ കൗതുകകരം ഓണ്‍ലൈന്‍ ശക്തിപ്പെടുത്തുന്നതിന് ജനങ്ങളോട് നടത്തിയ അഭ്യര്‍ഥനയെ ഒരു രൂപ അയച്ചുതന്ന് 'ഇത് നിന്‍റെ ശവദാഹത്തിനുള്ള പണമാണെന്ന്' കൃത്യമായി എഴുതിയ മെസേജും ഉണ്ടായിരുന്നു. വെള്ളായണി പരമുവിനെയോ കായംകുളം കൊച്ചുണ്ണിയെയോ തുറന്നുകാട്ടിയാല്‍ കിട്ടുന്ന പ്രതിഫലം എന്തായിരിക്കുമെന്ന് എനിക്ക് ഒറ്റദിവസം കൊണ്ട് ബോധ്യമായി. അതേസമയം ഒന്ന് മറ്റൊന്നില്‍ പരകായപ്രവേശം നടത്തിയാല്‍ കിട്ടാവുന്ന ഇരട്ടച്ചങ്കിനെ നിഷ്പ്രഭമാക്കുന്ന പിന്തുണയാണ് ഫണ്ട് സമാഹരണത്തില്‍ നേടിക്കൊണ്ടിരിക്കുന്നത്.

ഇന്നലെ എന്‍റെ അച്ഛന്‍റെ ശ്രാദ്ധ ദിനം ആയതുകൊണ്ട് കുറച്ചു സമയം മനസമാധാനത്തോടെ ശാന്തമായി ഇരിക്കണമെന്ന എന്‍റെ ആഗ്രഹം അജ്ഞാത ഫോണ്‍വിളിയിലൂടെയും അശ്ലീല സന്ദേശങ്ങളിലൂടെയും ഈ സൈബര്‍ പട തകര്‍ത്തു. ഒരു പാര്‍ട്ടിയില്‍ ഉടുതുണിയില്ലാതെ തുള്ളുന്ന ഇത്ര ഏറേ ഭ്രാന്തന്മാര്‍ ഉണ്ടെന്നത് സത്യത്തില്‍ എന്നെ അത്ഭുതപ്പെടുത്തി. ചില ജേക്കബ്‌മാരുടെ പോസ്റ്റുകളില്‍ അത് വായനക്കാരില്‍ എത്തുന്ന മാത്രയില്‍ തന്നെ ആയിരങ്ങള്‍ പ്രതികരിക്കുന്നതിന്‍റെ രസതന്ത്രവും ബോധ്യമായി.

ഇയാള്‍ക്ക് എത്ര ലക്ഷം വെള്ളപൂശലിലൂടെ കിട്ടിക്കാണും? പത്രക്കാരനാണത്രെ, പത്രക്കാരന്‍! കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ പെണ്ണുകേസിലോ പണം തിരിമറി കേസിലോ മറ്റേതെങ്കിലും കേസിലോ ജയിലിലിട്ടാലേ സ്വൈര്യമായി ഭരിക്കാനാകൂ എങ്കില്‍ അത് ചെയ്യണം.. അതിന് എന്‍റെ പേര് കൂടി കൂട്ടിക്കെട്ടേണ്ട കാര്യമെന്താ? 'അമ്മ എന്നെ പ്രസവിച്ചശേഷം ടെലിവിഷനില്‍ അല്ലാതെ ഞാന്‍ ഈ പറയുന്ന നേതാവിനെ കണ്ടിട്ടില്ല.

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ആയിരുന്ന കാലത്തു ഇദ്ദേഹത്തെ കണ്ടിട്ടുണ്ടോ എന്നറിയില്ല. ഞാന്‍ ഈ വാക്ക് എഴുതുന്ന നിമിഷം വരെ അദ്ദേഹവുമായി ഒരിക്കല്‍ പോലും ഫോണിലോ അല്ലാതെയോ സംസാരിച്ചിട്ടില്ല ആഗ്രഹിച്ചിട്ടുമില്ല. എന്നാല്‍ ടെലിവിഷന്‍ ചാനലുകളില്‍ എന്നെ ഇകഴ്ത്തി കാണിക്കാന്‍ കരാര്‍ എടുത്തു എത്തുന്ന പാര്‍ട്ടിയുടെ ക്ഷുദ്ര ജീവികള്‍ എന്തൊക്കെയാണ് പുലമ്പുന്നത്. മനസാക്ഷിയുണ്ടെടോ ഏഭ്യന്മാരെ?

കെ സുധാകരനെ കേസില്‍ പെടുത്തിയതിനുള്ള പ്രതികാരമാണ് ഞാന്‍ ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റ് എന്നെഴുതാന്‍ എങ്ങിനെ കഴിയുന്നു ശവങ്ങളെ? നിങ്ങള്‍ക്ക് മനസാക്ഷി ഉണ്ടോ?!. ഞാന്‍ ജി ശക്തിധരന്‍ ആണ്.. മറ്റേതെങ്കിലും ശക്തിധരന്‍ അല്ല. എനിക്കെതിരായ വ്യക്തിഹത്യ പാര്‍ട്ടി യുടെ പേരില്‍ ഇനിയും തുടര്‍ന്നാല്‍.... കൂടുതല്‍ ഞാന്‍ പറയുന്നില്ല.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിലനില്‍ക്കണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അര്‍ബുദം ബാധിച്ച കൊമ്പേ മുറിച്ചു കളയാവൂ. അല്ലാതെ കടപുഴക്കി വീഴ്ത്താന്‍ ഞാനില്ല. ഇവിടെ ഈ പാര്‍ട്ടിയുടെ സേവനം ലഭിക്കേണ്ടുന്ന കോടിക്കണക്കിന് മനുഷ്യര്‍ ഉണ്ട്. ഒരു കെ സുധാകരനെ കൊണ്ടുനിര്‍ത്തി ഉമ്മാക്കി കാണിക്കരുത്.

ജയിലില്‍ കിടക്കുന്ന സുധാകരന്‍ ആയിരിക്കും പുറത്തു നില്‍ക്കുന്ന സുധാകരനേക്കാള്‍ അപകടകാരി എന്ന സത്യം ഈ അല്‍പ്പബുദ്ധികള്‍ക്കു മനസിലാകുന്നില്ലേ. കണ്ണൂരിലെ ദ്വന്ദയുദ്ധ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും കടുത്ത വൈരത്തില്‍ കഴിഞ്ഞിരുന്നത് ഇ പി ജയരാജനും കെ സുധാകരനും തമ്മില്‍ ആയിരുന്നു. ആ ചിത്രം മാറി. ഇന്നവര്‍ വൈരികള്‍ അല്ല. ആകെ ശേഷിക്കുന്ന ശത്രുത, തലവന്മാര്‍ തമ്മിലാണ്.

അതില്‍ ഒന്നുകില്‍ ഒരാളെ വകയിരുത്തുകയോ മറ്റേ ആളെ കയ്യില്‍ കിട്ടിയ അധികാരം ഉപയോഗിച്ച് ജയിലില്‍ അടയ്ക്കുകയോ ചെയ്യുമായിരിക്കും. അതല്ലെങ്കില്‍ ഇ പി ജയരാജനെയോ പി ജയരാജനെയോ പോലെ അങ്കത്തട്ടില്‍ നിന്ന് പിന്‍വാങ്ങണം. കണ്ണൂരിലെ നേതാക്കള്‍ പറയുന്നതെല്ലാം വേദവാക്യമായി എടുത്തിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. അത് പോയി. എനിക്ക് ആരാണ് കെ സുധാകരന്‍? വാടക കൊലയാളികളെ വിട്ട പ്രസ്ഥാനത്തിലായിരുന്നു ഞാനും.

അന്ന് തൊട്ടു തൊട്ടില്ല എന്ന് എത്തിയതല്ലേ? കൊല്ലാനയച്ചവരില്‍ ഒരു അഞ്ചാംപത്തി! അതല്ലേ സത്യം? കെ സുധാകരനെ എങ്ങിനെ വകവരുത്തിയാലും അത് സ്വീകരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് സമൂഹം കേരളത്തിലുണ്ട് എന്നത് സത്യമാണ്. കൊല്ലപ്പെടേണ്ടവന്‍ തന്നെയാണ് അയാള്‍ എന്ന ചിന്ത കമ്മ്യൂണിസ്റ്റുകാരുടെ ബോധതലത്തില്‍ സൃഷിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതാണ് അടിമസമൂഹത്തെ സൃഷ്‌ടിക്കുന്നതിന്‍റെ വിജയം.

കേരള ചരിത്രത്തില്‍ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടത്തിയ പ്രതിയെയാണ് ഞാന്‍ അപ്പോള്‍ പിന്തുണയ്ക്കുന്നതെന്ന യാഥാര്‍ഥ്യം എനിക്ക് സ്വയം വിമര്‍ശനപരമായി പരിശോധിച്ച് തീരുമാനം എടുക്കാന്‍ കഴിയുന്നില്ലായിരുന്നു. ഇപ്പോഴും ഒരു മഞ്ഞക്കണ്ണട എനിക്ക് ഉണ്ടെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. അതാണ് കമ്മ്യൂണിസ്റ്റ് പ്രചാരണ തന്ത്രത്തിന്‍റെ മാസ്‌മരിക സ്വാധീനം.

തൊഴിലാളി വര്‍ഗം ഒപ്പം സഞ്ചരിക്കുന്നതിനു പകരം കൊലയാളി സംഘം ഒപ്പം സഞ്ചരിക്കുന്ന കാലക്രമത്തിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാറി. അതാണ് റഷ്യയില്‍ വാഗ്‌നര്‍ സംഘത്തിലേക്ക് എത്തിനില്‍ക്കുന്നത്. ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ, എന്നറിയില്ല നമ്മുടെ ഒരു നേതാവു കുടുംബസമേതം നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശിച്ചപ്പോള്‍ സമാനമായ സ്വകാര്യ പടയാളി സംഘത്തെ വാടകക്ക് എടുത്തിരുന്നു. കേന്ദ്ര മന്ത്രിസഭയിലുള്ള സ്വാധീനം കാരണം, പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ദശലക്ഷക്കണക്കിന് ഇന്ത്യന്‍ കറന്‍സിയാണ് അന്ന് ഒഴുക്കിയത്. എന്തായിരുന്നു ഇത്തരത്തില്‍ കൂലിപ്പടയെ വിദേശത്തു വിളിച്ചുവരുത്താന്‍ കാരണം? ഏതെങ്കിലും കമ്യൂണിസ്റ്റ് നേതാവ് അന്വേഷിച്ചോ? ഏതെങ്കിലും കാലത്തു കേരളത്തില്‍ നിന്ന് പോയ ഭരണകര്‍ത്താവ് ഇങ്ങിനെ കൂലിപ്പട്ടാളത്തെ ഉപയോഗിച്ചിട്ടുണ്ടോ?അവിടെവരെയെത്തി ഇന്ത്യയിലെ കമ്മ്യൂണിസം!

ABOUT THE AUTHOR

...view details