തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് നയതന്ത്ര പാഴ്സല്‍ വഴി സ്വർണം കടത്തിയ കേസിലെ ആസൂത്രക എന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷിന്‍റെ സുഹൃത്തായ സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസ് കസ്‌റ്റഡിയില്‍. നെടുമങ്ങാടുള്ള വീട്ടില്‍ നിന്നാണ് ഇവരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഭർത്താവ് സന്ദീപ് നായർ ഒളിവിലാണ്.
സ്വപ്‌ന സുരേഷിന്‍റെ സുഹൃത്തിന്‍റെ ഭാര്യ കസ്റ്റഡിയില്‍ - സ്വപ്‌ന സുരേഷ് സുഹൃത്ത്
സ്വപ്‌നയുടെ സുഹൃത്തായ സന്ദീപ് നായർക്ക് സ്വർണക്കടത്തില്‍ പങ്കെന്ന് സംശയം. സന്ദീപ് നായരുടെ ഭാര്യ കസ്റ്റഡിയില്‍
സ്വർണക്കടത്തില്‍ ഇവർക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ദൃശ്യങ്ങളില്‍ നിയമസഭാ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്ന സ്ഥാപനം സന്ദീപ് നായരുടേതാണ്. സ്വപ്‌നയുമായി ഇവർക്ക് അടുത്ത ബന്ധമുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ സ്വപ്‌ന സുരേഷ് എവിടെയാണെന്ന് കണ്ടെത്താൻ കഴിയുമെന്നാണ് കസ്റ്റംസ് കരുതുന്നത്. സ്വപ്‌ന തിരുവനന്തപുരത്ത് ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. ഇതിന്‍റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ ആഡംബര ഹോട്ടലുകളില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സ്വപ്‌നയുടെ ഫ്ലാറ്റും പരിശോധിച്ചിരുന്നു.
സ്വർണക്കടത്തിന് പിന്നില്‍ വമ്പൻ റാക്കറ്റുണ്ടെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. ഈ റാക്കറ്റ് വൻ തോതില്‍ സ്വർണം കടത്തിയതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. യുഎഇ കോൺസുലേറ്റിലെ കൂടുതല്‍ ഉദ്യോഗസ്ഥർക്ക് ഇതുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നു. ഇവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.