തിരുവനന്തപുരം : ബാലരാമപുരം അല്‍ അമന്‍ മതപഠനശാലയില്‍ പെൺകുട്ടി ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ബീമാപള്ളി സ്വദേശിയായ 20 കാരനെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാള്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന നിഗമനത്തിലാണ് അറസ്റ്റ്.
പെൺകുട്ടി മതപഠനശാലയിൽ എത്തുന്നതിന് മുന്‍പ് പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പുതിയ വഴിത്തിരിവ്. വിദേശത്തായിരുന്ന യുവാവ് ഇപ്പോൾ ലീവിന് നാട്ടിൽ എത്തിയിട്ടുണ്ട്. പെൺകുട്ടി മതപഠനശാലയിൽ പോകുന്നതിന് മുന്‍പ് തന്നെ ഇയാളുമായി സൗഹൃദത്തിൽ ആയിരുന്നു. പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
Also Read:ബാലരാമപുരം മതപഠന കേന്ദ്രത്തിൽ മരിച്ച പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ; യുവാവിനെതിരെ പോക്‌സോ കേസ്
പ്രതിയെ പൂന്തുറ സ്റ്റേഷനിൽ എത്തിച്ചു. ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. പ്രതിക്കെതിരെ ലൈംഗികാതിക്രമത്തിനും വീട്ടിൽ അതിക്രമിച്ച് കയറിയതിനും കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
മെയ് 16നാണ് ബാലരാമപുരത്തെ അല്‍ അമന്‍ മതപഠനശാലയില്‍ 17കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെയ് 15ന് ഉച്ചയോടെ കുട്ടി അമ്മയെ വിളിച്ച് സ്ഥാപനത്തില്‍ എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് മതപഠനശാലയില്‍ എത്തിയ അമ്മയോട് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി എന്നാണ് അധികൃതര്‍ അറിയിച്ചത്.
കുട്ടിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് കുടുംബം തുടക്കത്തില്‍ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ബാലരാമപുരം പൊലീസ് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്‌തിരുന്നു. ഒരു വര്‍ഷത്തിലേറെയായി പെണ്‍കുട്ടി അല്‍ അമന്‍ മതപഠന കേന്ദ്രത്തില്‍ താമസിച്ച് പഠിക്കുകയായിരുന്നു.
എല്ലാ വെള്ളിയാഴ്‌ചകളിലും കുട്ടി വീട്ടില്‍ വിളിക്കാറുണ്ട്. എന്നാല്‍ മരിക്കുന്നതിന് തൊട്ട് മുമ്പുള്ള വെള്ളിയാഴ്‌ച പെണ്‍കുട്ടി വീട്ടിലേക്ക് വിളിക്കാതിരുന്നതിനെ തുടര്‍ന്ന് അമ്മ സ്ഥാപനത്തിലേക്ക് വിളിക്കുകയാണ് ഉണ്ടായത്. ശേഷം അമ്മയെ തിരികെ വിളിച്ചപ്പോഴാണ് കുട്ടി സ്ഥാപനത്തിലേക്ക് വരണമെന്ന് അറിയിച്ചത്.
അല്‍ അമനിലെ ഉസ്‌താദും ടീച്ചറും തന്നെ വഴക്ക് പറഞ്ഞെന്ന് കുട്ടി പരാതിപ്പെട്ടതായും ബന്ധുക്കള്‍ പറഞ്ഞു. മതപഠന കേന്ദ്രത്തിന്‍റെ അടുക്കള ഭാഗത്തോട് ചേര്‍ന്നുള്ള മുറിയിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്ഥാനത്താകെ വലിയ പ്രതിഷേധത്തിന് വഴിവച്ച സംഭവമായിരുന്നു അല്‍ അമന്‍ മതപഠന കേന്ദ്രത്തിലെ പെണ്‍കുട്ടിയുടെ മരണം.
മതപഠന കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ മരിക്കുന്ന സംഭവങ്ങള്‍ നേരത്തെയും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ വെട്ടുതുറ കോണ്‍വെന്‍റില്‍ കന്യാസ്‌ത്രീയാകാന്‍ പഠിക്കുന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി അന്നപൂരണി (27) യെയാണ് കോണ്‍വെന്‍റിലെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ നടക്കുന്ന പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഒപ്പമുള്ളവര്‍ അന്വേഷിച്ചപ്പോഴാണ് അന്നപൂരണിയെ മുറിയില്‍ കണ്ടെത്തിയത്.
അകത്തുനിന്ന് പൂട്ടിയ മുറിയുടെ വാതില്‍ കോണ്‍വെന്‍റ് അധികൃതര്‍ തള്ളിത്തുറന്നപ്പോഴാണ് അന്നപൂരണിയെ മരിച്ച നിലയില്‍ കണ്ടത്. മുറിയില്‍ നിന്ന് ഒരു കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തലേനാള്‍ വരെ അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്ന് കോണ്‍വെന്‍റ് അധികൃതര്‍ പൊലീസിനോട് വ്യക്തമാക്കി.