തിരുവനന്തപുരം:ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് പിന്‍വലിപ്പിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം കടുപ്പിച്ച് പ്രതിപക്ഷം നിയമസഭയ്‌ക്കുള്ളില്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക്. പ്രതിപക്ഷ എംഎല്‍എമാരായ ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം, സിആര്‍ മഹേഷ് എന്നിവര്‍ നിയമസഭ കവാടത്തിന് മുന്നില്‍ സത്യഗ്രഹം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇക്കാര്യം നിയമസഭയില്‍ പ്രഖ്യാപിച്ചു.
നികുതി നിര്‍ദേശം പിന്‍വലിക്കണമെന്നാവശ്യം; 4 പ്രതിപക്ഷ എംഎല്‍എമാര്‍ സഭാകവാടത്തില്‍ സത്യഗ്രഹം ആരംഭിച്ചു
നിയമസഭ കവാടത്തിന് മുന്നില്‍ പ്രതിപക്ഷ എംഎല്‍എമാരായ ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം, സിആര്‍ മഹേഷ് എന്നിവരാണ് സത്യഗ്രഹം ആരംഭിച്ചത്.
ഇതിന് പിന്നാലെ പ്രതിപക്ഷ എംഎല്‍എമാര്‍ക്കൊപ്പമെത്തി നാല് എംഎല്‍എമാരും അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുകയായിരുന്നു. നാളെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കും കലക്‌ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തും. ബുധനാഴ്‌ച യുഡിഎഫിന്‍റെ നേതൃത്വത്തില്‍ കലക്‌ടറേറ്റുകളില്‍ രാപകല്‍ സമരം നടത്താനും തീരുമാനിച്ചു.
പുതിയ നികുതി നിര്‍ദേശം പിന്‍വലിക്കും വരെ സമരം തുടരാനാണ് കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും തീരുമാനം. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നിയമസഭയിലെ ഓഫിസില്‍ യോഗം ചേര്‍ന്നാണ് സത്യഗ്രഹ നടപടികളിലേക്ക് യുഡിഎഫ് കടക്കാന്‍ തീരുമാനിച്ചത്. അതേസമയം, ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണുന്ന യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പ്രതിപക്ഷ സമരപരിപാടികളെ കുറിച്ച് വിശദീകരണം നടത്തും.