അരിക്കൊമ്പനെ കാടുകയറ്റിയിട്ട് നാല് മാസം തിരുവനന്തപുരം : പതിനൊന്ന് മണിക്കൂർ നീണ്ട ദൗത്യം, ആറ് മയക്കുവെടികൾ, കോന്നി സുരേന്ദ്രൻ, സൂര്യൻ, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകൾ ചേർന്ന് അരിക്കൊമ്പനെ ചിന്നക്കനാൽ മേഖലയിൽ നിന്ന് കാടുകടത്തിയിട്ട് ഇന്ന് 4 മാസം തികയുന്നു. തമിഴ്‌നാട്ടിലെ മുട്ടൻതുറൈ വനമേഖലയിലുൾപ്പെട്ട കോതയാർ വനത്തിലാണ് അരിക്കൊമ്പൻ ഇപ്പോൾ വിഹരിക്കുന്നത്.
ചിന്നക്കനാലിൽ ഒറ്റയാനായാണ് കഴിഞ്ഞിരുന്നതെങ്കിൽ കോതയാർ വനത്തിൽ പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് അരിക്കൊമ്പൻ കഴിയുന്നത്. കാട്ടാനക്കൂട്ടത്തോട് അരിക്കൊമ്പൻ ഇണങ്ങിയ സാഹചര്യത്തിൽ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ വാച്ചർമാരുടെ എണ്ണം തമിഴ്‌നാട് വനം വകുപ്പ് കുറച്ചിരുന്നു.
ജൂൺ മാസം മുതൽ അരിക്കൊമ്പൻ കോതയാർ വന മേഖലയിൽ തന്നെ തുടരുകയാണ്. അതേസമയം അരിക്കൊമ്പൻ കേരളത്തിലെ വന മേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യതകളും വനം വകുപ്പ് തള്ളിക്കളയുന്നില്ല. കാരണം കേരളത്തിലും തമിഴ്‌നാട്ടിലുമായുള്ള അഗസ്ത്യാർകൂടത്തിലാണ് കോതയാർ വനമേഖല.
ആരോഗ്യവാനെന്ന് വനം വകുപ്പ് : നേരത്തെ അരിക്കൊമ്പൻ കോതയാർ നദിയുടെ വൃഷ്‌ടി പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്ന ചിത്രങ്ങൾ തമിഴ്‌നാട് വനം വകുപ്പ് പുറത്തുവിട്ടിരുന്നു. ആന ആരോഗ്യവാനാണെന്നും തീറ്റയും വെള്ളവും എടുക്കുന്നുണ്ടെന്നും തമിഴ്‌നാട് വനംവകുപ്പ് വാർത്ത കുറിപ്പിലൂടെ അറിയിക്കുകയും ചെയ്‌തിരുന്നു.
നേരത്തെ 36 പേർ അടങ്ങുന്ന സംഘത്തിനായിരുന്നു അരിക്കൊമ്പന്‍റെ നിരീക്ഷണ ചുമതല. റേഡിയോ കോളറില്‍ നിന്നുള്ള വിവരങ്ങളും തമിഴ്‌നാട് വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. കേരള വനം വകുപ്പുമായി കാര്യങ്ങൾ സംസാരിക്കുന്നുണ്ടെന്നാണ് തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
കേരള വനം വകുപ്പും ആനയുടെ സഞ്ചാര പഥം കൃത്യമായി വിലയിരുത്തുന്നുണ്ട്. ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പനെ ഏപ്രില്‍ 29നാണ് കേരള വനം വകുപ്പ് പിടികൂടി തമിഴ്‌നാട് അതിർത്തിയിലെ പെരിയാർ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടത്. പ്രശ്‌നം അവിടെയും അവസാനിച്ചില്ല.
അവിടെ നിന്ന് കാടിറങ്ങി അതിർത്തി കടന്ന അരിക്കൊമ്പൻ തമിഴ്‌നാട്ടിലെത്തി കമ്പം ടൗണില്‍ ഭീതി പടർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് വനം വകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി വീണ്ടും ഉൾക്കാട്ടിലേക്ക് മാറ്റിയത്. അരിക്കൊമ്പനെ തമിഴ്‌നാട് - കേരള അതിർത്തി ജില്ലയായ കന്യാകുമാരിയിലെ അപ്പര്‍ കൊടയാർ വനത്തിലാണ് തുറന്നുവിട്ടത്.
തുമ്പിക്കൈക്ക് പരിക്കേറ്റ ആനയ്‌ക്ക് ചികിത്സ നൽകിയതിന് ശേഷമായിരുന്നു വന മേഖലയിലേക്ക് തുറന്നുവിട്ടത്. അപ്പര്‍ കോതയാർ വനത്തിലെ പുതിയ ആവാസ വ്യവസ്ഥയുമായി അരിക്കൊമ്പന് വേഗത്തില്‍ പൊരുത്തപ്പെടാനാകുമെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചിരുന്നു.
ധാരാളം വെള്ളവും തീറ്റയും ലഭിക്കുന്ന വനമേഖലയായത് കൊണ്ട് തന്നെ ജനവാസ മേഖലകളിലേക്ക് ആന തിരികെയെത്താനുള്ള സാധ്യത വിരളമാണെന്നും വനം വകുപ്പ് വ്യക്‌തമാക്കിയിരുന്നു.