തിരുവനന്തപുരം:തിക്കുറിശ്ശി ക്ഷേത്ര വിഗ്രഹ കവർച്ചാക്കേസില്‍ നാലു പേർ അറസ്റ്റിൽ. വിഗ്രഹം ഓസ്‌ട്രേലിയയിലേക്ക് കടത്താൻ ശ്രമിക്കവേയാണ് പൊലീസ് പിടികൂടിയത്. സംഘത്തിലെ ഒരു സ്‌ത്രീയടക്കം നാലുപേരെ ഒരു വർഷത്തിന് ശേഷമാണ് മാർത്താണ്ഡം സ്പെഷ്യൽ സ്‌ക്വാഡ് പൊലീസ് പിടികൂടിയത്. തേങ്ങാപ്പട്ടണം കല്ലടിത്തോപ്പ് സ്വദേശി ഷാനവാസ്(30), തിരുവനന്തപുരം പരിത്തിക്കുഴി പുതവൻപുത്തൂർ സ്വദേശി ഹുസൈൻ (37), നെയ്യാറ്റിൻക്കര ചായ്ക്കോട്ടുകോണം സ്മിതാമന്ദിരത്തിൽ സ്‌മിത (36), അമ്പലത്തറ സ്വദേശി സതീഷ് ബാബു (49) എന്നിവരാണ് പിടിയിലായത്.
തിക്കുറിശ്ശി ക്ഷേത്ര വിഗ്രഹ കവർച്ചാക്കേസില്‍ നാലു പേർ അറസ്റ്റിൽ
തേങ്ങാപ്പട്ടിണം കല്ലടിത്തോപ്പ് സ്വദേശി ഷാനവാസ്, തിരുവനന്തപുരം പരിത്തിക്കുഴി പുതവൻപുത്തൂർ സ്വദേശി ഹുസൈൻ, നെയ്യാറ്റിൻക്കര ചായ്ക്കോട്ടുകോണം സ്മിതാമന്ദിരത്തിൽ സ്‌മിത, അമ്പലത്തറ സ്വദേശി സതീഷ് ബാബു എന്നിവരാണ് പിടിയിലായത്.
ശിവാലയ ഓട്ടം നടത്തുന്ന 12 ശിവക്ഷേത്രങ്ങളിൽ രണ്ടാമത്തെ ക്ഷേത്രവും നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാതന ക്ഷേത്രവുമായ തിക്കുറിശ്ശി ശ്രീ മഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ വർഷം ആഗസ്റ്റ് 31ന് രാത്രി ശ്രീകോവിലിനുള്ളിലെ പൂട്ട് പൊട്ടിച്ചാണ് കവർച്ച നടത്തിയത്. ശീവേലി വിഗ്രഹം, വിഗ്രഹത്തിന്‍റെ പ്രഭ, സ്വർണാഭരണങ്ങൾ, കാണിക്ക പണം എന്നിവ കവർന്നു. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നടന്ന വിഗ്രഹ കവർച്ച കേസില്‍ സംഘത്തിന് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.
കവര്‍ച്ച നടത്തിയ ശേഷം സംഘം സ്വകാര്യ കാറിൽ തിരുവനന്തപുരത്തേക്ക് കടത്തുകയായിരുന്നു. വഴിയില്‍ മോഷ്‌ടിച്ച പിത്തള സാധനങ്ങൾ തിരുവല്ലം ആറ്റിൽ വലിച്ചറിയുകയും ചെയ്‌തുവെന്ന് പൊലീസ് പറയുന്നു. പ്രതികളില്‍ നിന്ന് മന്ത്രമൂർത്തിയുടെയും, ദേവിയുടെയും വിഗ്രഹം പൊലീസ് കണ്ടെടുത്തു. പ്രതികളെ ക്ഷേത്രത്തിൽ കൊണ്ട് വന്ന് പൊലീസ് തെളിവെടുപ്പ് നടത്തി.