തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാരിന്‍റെ വിവാദമായ, നിര്‍ദിഷ്ട സെമി ഹൈസ്പീഡ് സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് കെ-റെയില്‍ (K Rail) പുറത്തുവിട്ട ഡി.പി.ആര്‍ വ്യാജമെന്ന് പദ്ധതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയ റെയില്‍വേ മുന്‍ ചീഫ് എഞ്ചിനിയര്‍ അലോക് കുമാര്‍ വര്‍മ. ബ്രോഡ് ഗേജിനെക്കാള്‍ 20 ശതമാനം വീതി കുറവുള്ള സ്റ്റാന്‍ഡേഡ് ഗേജ് ഇന്ത്യയ്ക്ക് പ്രായോഗികമല്ല.
കേരളം ഇക്കാര്യത്തില്‍ ടെസ്റ്റ് ഡോസാണ്. സ്റ്റാന്‍ഡേര്‍ഡ് ഗേജ് കൂടിയേ തീരൂവെന്നുണ്ടെങ്കില്‍ വേണ്ടെന്ന് പറയുന്നില്ല. അതിന് ശാസ്ത്രീയമായ രീതിയില്‍ പഠനം വേണം. സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആകട്ടെ വളരെയധികം ചിലവേറിയതാണ്. സില്‍വര്‍ ലൈനിന് നിരവധി ബദലുകളുണ്ടെന്നും ഇ.ടി.വി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ അലോക് വര്‍മ പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് അനുയോജ്യമോ ?
മൂന്ന് ഘട്ടങ്ങളായാണ് ഒരു പുതിയ റെയില്‍വേ ലൈന്‍ ആസൂത്രണം ചെയ്യുന്നത്. ആദ്യത്തേത് പ്രാഥമിക സാധ്യതാ റിപ്പോര്‍ട്ട്, ഫൈനല്‍ സാധ്യതാ റിപ്പോര്‍ട്ട്, വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട്(ഡി.പി.ആര്‍) എന്നിവയാണവ. പ്രാഥമിക സാധ്യതാ റിപ്പോര്‍ട്ടിന്റെ ഭാഗമായി സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ ഒരു പദ്ധതി തയ്യാറാക്കാനാണ് കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായ സിസ്ട്ര എന്നോട് ആവശ്യപ്പെത്. ഇതനുസരിച്ച് മുന്നോട്ടുപോകുമ്പോഴാണ് സ്റ്റാന്‍ഡേഡ് ഗേജിന്‍റെ അപ്രായോഗിത ബോദ്ധ്യപ്പെട്ടത്.
അങ്ങനെ പദ്ധതി നടത്തിപ്പുകാരായ കെ-റെയില്‍ കോര്‍പ്പറേഷനോട് റെയില്‍വേ ബോര്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഗേജ് അനുവദിച്ച കത്ത് ചോദിച്ചു. ആ കത്ത് റെയില്‍വേ എം.ഡി തന്നില്ലെന്ന് മാത്രമല്ല, റെയില്‍വേയുമായി ബന്ധപ്പെട്ടപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജിന് അനുമതി നല്‍കിയിട്ടില്ലെന്നും മനസിലായി. താന്‍ അവിടെ നിന്നും വിട്ടപ്പോള്‍ സമ്മര്‍ദം മൂലമാണോ എന്നറിയില്ല സിസ്ട്ര എല്ലാം മാറ്റിമറിച്ചു. ജിയോടെക്‌നിക്കല്‍ സര്‍വേ, ജിയോളജിക്കല്‍ സര്‍വേ, ഹൈഡ്രോളജിക് സര്‍വേ എന്നിവയൊന്നും നടത്താതെ രണ്ടുമൂന്ന് വര്‍ഷം കൊണ്ട് നടത്തേണ്ട അന്തിമ സാധ്യതാ റിപ്പോര്‍ട്ട് വെറും 50 ദിവസം കൊണ്ട് നല്‍കി.