തിരുവനന്തപുരം: പമ്പയിൽ നിന്ന് വനത്തിനു പുറത്തേക്ക് മണൽ കൊണ്ടു പോകുന്നത് തടഞ്ഞ് വനം വകുപ്പിന്‍റെ ഉത്തരവ്. പ്രളയത്തിൽ പമ്പ- ത്രിവേണിയിൽ അടിഞ്ഞ മണൽ വനത്തിന് പുറത്തേക്ക് കൊണ്ട് പോകുന്നതിന് എതിരെയാണ് വനം വകുപ്പിന്‍റെ ഉത്തരവ്. പമ്പയിലെ മണൽ കേരള ക്ലെയിസ് ആന്‍റ് സെറാമിക് പ്രോഡക്ട്സ് എന്ന കണ്ണൂരിലെ പൊതുമേഖലാ സ്ഥാപനത്തിന് സൗജന്യമായി കൊണ്ടു പോകാൻ ദുരന്ത നിവാരണ നിയമപ്രകാരം പത്തനംതിട്ട കലക്‌ടർ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് വനം വകുപ്പ് തടഞ്ഞത്.
വനത്തിന് പുറത്തേക്ക് മണൽ കൊണ്ടു പോകുന്നതിനെതിരെ വനം വകുപ്പ് - kerala forest department
പമ്പയില്‍ നടക്കുന്നത് വനനിയമങ്ങളുടെ ലംഘനമാണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വനം വകുപ്പിന്‍റെ ഉത്തരവ്.
പമ്പയില്‍ നടക്കുന്നത് വനനിയമങ്ങളുടെ ലംഘനമാണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോകനാഥ് ബെഹ്‌റ എന്നിവർ ഹെലികോപ്റ്റർ പറന്ന് ഇറങ്ങി നടത്തിയ ഇടപാട് അഴിമതിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇതിനു പിന്നാലെയാണ് വനം വകുപ്പ് സെക്രട്ടറിയുടെ നടപടി. വന സംരക്ഷണ നിയമപ്രകാരം കേന്ദ്ര അനുമതിയില്ലാതെ മണൽ വനാതിർത്തി കടത്താൻ കഴിയില്ലെന്ന കർശന നിലപാടിലാണ് വനം വകുപ്പ്. ഇതോടെ പമ്പയിൽ നിന്നും മണൽ മാറ്റി കൊണ്ടിരുന്ന നടപടികൾ പൂർണമായും നിർത്തിവച്ചിട്ടുണ്ട്. പ്രളയം നേരിടാൻ സംസ്ഥാനത്തെ പുഴകളിൽ നിന്ന് മണലും ചെളിയും വാരാമെന്നും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തദ്ദേശ സ്ഥാപനങ്ങൾക്ക് മണ്ണെടുപ്പ് നടത്താം. ഈ പ്രവർത്തനങ്ങൾ വനത്തിനുള്ളിലും അനുവദിക്കാമെന്നാണ് വനം വകുപ്പിന്‍റെ നിലപാട്. വനത്തിനുള്ളിൽ നിന്ന് നീക്കം ചെയ്യുന്ന മണൽ, വനം വകുപ്പ് നിർദേശിക്കുന്ന സ്ഥലത്ത് നിക്ഷേപിക്കണം. ഇവ പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും ഇതിന് വനം വകുപ്പിന്‍റെ പാസ് നിർബന്ധമാണെന്നും വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. വനം വകുപ്പ് കടുത്ത നിലപാട് സ്വീകരിച്ചതോടെ പമ്പയിലെ മണൽ മാറ്റത്തിൽ നിന്ന് കേരള ക്ലെയിസ് ആന്‍റ് സെറാമിക് പ്രോഡക്ട്സ് പിന്മാറി.