തിരുവനന്തപുരം:നിയമസഭ നടപടികളില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സത്യഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം. അഞ്ച് എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യഗ്രഹമിരിക്കുന്നു. അന്‍വര്‍ സാദത്ത്, ടി.ജെ വിനോദ്, ഉമ തോമസ്, കുറുക്കോളി മൊയ്‌തീന്‍, എ.കെ.എം അഷ്‌റഫ് എന്നിവരാണ് സത്യഗ്രഹത്തിലുള്ളത്.
പ്രതിപക്ഷം ഉന്നയിച്ച പ്രശ്നങ്ങൾ അതേപടി നിലനിൽക്കുന്ന സാഹചര്യത്തിൽ സഭ നടപടികളുമായി സഹകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളില്‍ സ്പീക്കര്‍ പരിഹാരത്തിന് ശ്രമിക്കുന്നില്ലെന്നും എംഎല്‍എമാര്‍ സത്യഗ്രഹമിരിക്കാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ 5 എംഎൽഎമാർ മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലിറങ്ങി. ഇവർക്ക് അഭിവാദ്യം അർപ്പിച്ച് മറ്റ് പ്രതിപക്ഷാംഗങ്ങളും മുദ്രാവാക്യം മുഴക്കിയതോടെ സഭ ബഹളത്തിലായി.
പിന്നാലെ പ്രതിപക്ഷ നടപടിക്കെതിരെ തദ്ദേശമന്ത്രി എം ബി രാജേഷ് ക്രമപ്രശ്നവുമായി എഴുന്നേറ്റു. സ്പീക്കറുടെ റൂളിങ് അന്തിമമാണെന്ന് 1990 ജൂലൈ 13ന് സ്പീക്കറുടെ റൂളിങ് ചൂണ്ടിക്കാട്ടി രാജേഷ് വാദിച്ചു. പ്രതിപക്ഷനേതാവും പ്രതിപക്ഷ ഉപനേതാവും സ്പീക്കറുടെ റൂളിങ് വെല്ലുവിളിക്കുന്നത് അച്ചടക്ക ലംഘനമാണ്.
സഭ നടന്നു കൊണ്ടിരിക്കേ നടുത്തളത്തിൽ പ്രതിപക്ഷത്തിൻ്റെ സമാന്തര സഭ പാർലമെൻററി ചരിത്രത്തിൽ അത്യപൂർവമാണ്. ഇതിന് പ്രതിപക്ഷ നേതാവും ഉപനേതാവുമാണ് മുഖ്യ കാർമികത്വം വഹിക്കുന്നത്. ഇക്കാര്യത്തിൽ സ്പീക്കറുടെ ഭാഗത്ത് നിന്ന് കർശന നടപടി ഉണ്ടാകണമെന്നും ചെയറിൻ്റെ തീരുമാനം അറിയിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു. സ്പീക്കറുടെ റൂളിങ് സഭയ്ക്കു പുറത്ത് ചോദ്യം ചെയ്യുന്ന രീതി ശരിയല്ലെന്നും ചെയറിന് അച്ചടക്ക നടപടി സ്വീകരിക്കാമായിരുന്നിട്ടും അത് ചെയ്യാത്തത് അത് ശരിയായ നടപടിയല്ലെന്നതിനാലാണ് എന്നും സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു.
പ്രതിപക്ഷത്തിന്‍റെ നടപടി ശരിയല്ലെന്ന് സ്‌പീക്കര്‍ പ്രതികരിച്ചു. സഭ സമ്മേളനം നടത്താന്‍ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്‍റേത് സഭയോടുള്ള അവഹേളമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി എംബി രാജേഷും അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധങ്ങളൊന്നും സഭ ടിവിയില്‍ ഇന്നും കാണിച്ചില്ല. സ്‌പീക്കര്‍ റൂളിങ് നല്‍കിയിട്ടും സഭ ടിവി പാലിച്ചിട്ടില്ല.