തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍. ഇന്ന് കരമാര്‍ഗവും കടല്‍ മാര്‍ഗവും സമരം നടത്തുകയാണ് പ്രതിഷേധക്കാര്‍. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.
വിഴിഞ്ഞം തുറമുഖ സമരം: കരയും കടലും പിടിച്ചടക്കി പ്രതിഷേധക്കാർ പൊലീസ് ബരിക്കേഡുകള്‍ മറികടന്ന് തുറമുഖ നിര്‍മാണം നടക്കുന്ന പദ്ധതി പ്രദേശത്തെത്തിയാണ് പ്രതിഷേധം. നിര്‍മാണ മേഖലയിലെ ഗേറ്റിന്‍റെ പൂട്ട് തല്ലി പൊട്ടിച്ചാണ് അകത്ത് കടന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പദ്ധതി പ്രദേശത്തേക്ക് കടന്ന് സമരം നടത്തുന്നത്.
വിവധ ഇടങ്ങളില്‍ നിന്ന് ബൈക്ക് റാലിയായെത്തിയാണ് കരമാര്‍ഗമുള്ള സമരം നടക്കുന്നത്. കടല്‍ മാര്‍ഗമുളള സമരത്തിനായി വിവിധ തുറകളില്‍ നിന്നും ബോട്ടുമായാണ് മത്സ്യത്തൊഴിലാളികളെത്തിയത്. പദ്ധതി പ്രദേശം പൂര്‍ണ്ണമായും ബോട്ടുകള്‍ കൊണ്ട് വളഞ്ഞാണ് കടലിൽ ഉപരോധം നടക്കുന്നത്.
സംയമനത്തോടെ സർക്കാരും പൊലീസും: മത്സ്യത്തൊഴിലാളികള്‍ക്കെതിരെ ബലപ്രയോഗത്തിന് പൊലീസ് മുതിര്‍ന്നിട്ടില്ല. കഴിഞ്ഞ ദിവസം പ്രതിഷേധക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഫിഷറീസ് മന്ത്രി വി.അബ്‌ദുറഹ്മാന്‍, ഗതാഗതമന്ത്രി ആന്‍റണി രാജു എന്നിവരാണ് മത്സ്യതൊഴിലാളികളുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതു വരെ സമരമെന്നാണ് മത്സ്യതൊഴിലാളികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.