സെക്രട്ടേറിയറ്റില്‍ തീപിടിത്തം തിരുവനന്തപുരം:സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത് കന്‍റോണ്‍മെന്‍റ് പൊലീസ്. സംഭവത്തെ തുടര്‍ന്ന് സെക്രട്ടേറിയറ്റിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജീവനക്കാരെയും ഐഡി കാര്‍ഡ് പരിശേധിച്ചതിന് ശേഷമാണ് കടത്തി വിടുന്നത്.
ഇന്ന് രാവിലെ 7.55 ഓടെയാണ് സംഭവം. മൂന്നാം നിലയില്‍ വ്യവസായ മന്ത്രി പി രാജീവിന്‍റെ ഓഫിസ് ഉള്‍പ്പെട്ട നോര്‍ത്ത് സാന്‍ഡ്‌വിച്ച് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്‍റെ മുറിയ്‌ക്ക് സമീപമാണ് തീപിടിച്ചത്.
തീപിടിത്തത്തില്‍ ഓഫിസിലെ കര്‍ട്ടനുകളാണ് കത്തി നശിച്ചത്. മറ്റ് നാശനഷ്‌ടങ്ങളൊന്നും ഉണ്ടായിട്ടില്ല. ഫയലുകൾക്കൊന്നും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. അതേസമയം തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഫയലുകൾ നനഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷ ഉദ്യോഗസഥര്‍ അഗ്‌നി ശമന സേനയെ വിവരം അറിയിച്ചു. ഇതേ തുടര്‍ന്ന് ചെങ്കല്‍ചൂളയില്‍ നിന്നും രണ്ട് യൂണിറ്റ് അഗ്‌നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. 8.15 ഓടെ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു.
ഏസിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജില്ല കലക്‌ടര്‍ ജെറോമിക് ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. തീപിടിത്തത്തിന് പിന്നാലെ വന്‍ സുരക്ഷയാണ് സെക്രട്ടേറിയറ്റില്‍ ഒരുക്കിയിട്ടുള്ളത്. ജീവനക്കാരെ അടക്കം കര്‍ശന പരിശോധനയ്‌ക്ക് വിധേയമാക്കിയതിന് ശേഷമാണ് സെക്രട്ടേറിയറ്റിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. മാധ്യമങ്ങള്‍ക്കും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.