കേരളം

kerala

By

Published : Sep 25, 2019, 8:36 PM IST

ETV Bharat / state

കിഫ്ബി സി.എ.ജി ഓഡിറ്റ്: ധനമന്ത്രിയും പ്രതിപക്ഷവും വീണ്ടും നേര്‍ക്കുനേര്‍

കിഫ്ബിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ പ്രതിപക്ഷ നേതാവിനെ കരുവാക്കുകയാണെന്ന് തോമസ് ഐസക്. തന്നെ പഠിപ്പിക്കാന്‍ വരേണ്ടെന്ന് രമേശ് ചെന്നിത്തല. ട്രാന്‍സ്ഗ്രിഡ് ടെന്‍ഡറുമായി സര്‍ക്കാര്‍ മുന്നോട്ട് പോയതില്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍.

കിഫ്ബി സി.എ.ജി ഓഡിറ്റ്: ധനമന്ത്രിയും പ്രതിപക്ഷവും വീണ്ടും നേര്‍ക്കുനേര്‍

തിരുവനന്തപുരം: കിഫ്ബിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ പ്രതിപക്ഷ നേതാവിനെ കരുവാക്കി ഒരു വിഭാഗം ഗൂഢാലോചന നടത്തുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. എന്നാല്‍ തന്നെ പഠിപ്പിക്കാന്‍ തോമസ് ഐസക് വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശനും ആരോപിച്ചു.

മസാല ബോണ്ട് ഉള്‍പ്പടെ കിഫ്ബി പദ്ധതികളില്‍ സി.എ.ജിക്ക് ഓഡിറ്റ് നടത്തുന്നതില്‍ തടസമില്ലെന്ന് ധനമന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സി.എ.ജിക്ക് കത്ത് നല്‍കും. കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ അഴിമതി നടന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ടവറുകളും ലൈനുകളും സ്ഥാപിക്കുന്നതിന് യു.ഡി.എഫ് ഭരണകാലത്ത് അംഗീകരിച്ച ഷെഡ്യൂള്‍ റേറ്റാണ് കെ.എസ്.ഇ.ബി ഈ പദ്ധതിക്കും ഉപയോഗിക്കുന്നത്. എന്നാല്‍ യു.ഡി.എഫ് കാലത്ത് ടെന്‍ഡര്‍ എക്‌സസ് 50 ശതമാനമായിരുന്നത് 20 ശതമാനമായി കുറഞ്ഞുവെന്നും ധനമന്ത്രി പറഞ്ഞു.

ടെന്‍ഡര്‍ എക്‌സസ് വന്നാല്‍ റീ ടെന്‍ഡര്‍ വിളിക്കണമെന്ന് ധനവകുപ്പ് സെക്രട്ടറിയുടെ ഉത്തരവിന് വിരുദ്ധമായി 73 ശതമാനം ടെന്‍ഡര്‍ എക്‌സസ് വന്നിട്ടും ട്രാന്‍സ്ഗ്രിഡ് ടെന്‍ഡറുമായി സര്‍ക്കാര്‍ മുന്നോട്ട് പോയതില്‍ അഴിമതിയുണ്ടെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ട്രാന്‍സ്ഗ്രിഡ്. ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇനിയും പുറത്ത് വരുമെന്നും സതീശന്‍ പറഞ്ഞു. ട്രാന്‍സ്‌ഗ്രിഡ് പദ്ധതി ലാഭകരമല്ലെന്ന് ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി തന്നെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഇതെല്ലാം മറികടന്നാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും സതീശന്‍ പറഞ്ഞു.

കിഫ്ബി സി.എ.ജി ഓഡിറ്റ്: ധനമന്ത്രിയും പ്രതിപക്ഷവും വീണ്ടും നേര്‍ക്കുനേര്‍

For All Latest Updates

ABOUT THE AUTHOR

...view details