തിരുവനന്തപുരം:നികുതി വെട്ടിപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനത്തെ നികുതി വരുമാനത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. നികുതി പിരിവ് നടക്കുന്നില്ലെന്ന പ്രതിപക്ഷ വിമർശനം ശരിയല്ല.
നികുതി പിരിവിലും വരുമാനത്തിലും കേരളം മെച്ചപ്പെട്ട സ്ഥിതിയിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെക്കാൾ മെച്ചപ്പെട്ട സ്ഥിതിയിലാണ് നികുതി പിരിവിൽ കേരളം. നടപ്പ് സാമ്പത്തിക വർഷം 70,000 കോടി രൂപയുടെ നികുതിയാണ് വരുമാനമായി പ്രതീക്ഷിച്ചത്.
പ്രതീക്ഷിച്ച നേട്ടം ഉണ്ടായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ബജറ്റിലുണ്ടാകുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സാമൂഹ്യ ക്ഷേമപെൻഷൻ ഒരു കാരണവശാലും മുടങ്ങില്ല. സംസ്ഥാനത്ത് എത്രതന്നെ പ്രതിസന്ധി ഉണ്ടായാലും ക്ഷേമ പെൻഷൻ മുടക്കേണ്ടതില്ല എന്നതാണ് സർക്കാർ തീരുമാനം.