തിരുവനന്തപുരം : 28-ാമത് രാജ്യാന്തര ചലച്ചിത്ര മേള തുടങ്ങാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ ജിഎസ്‌ടി കുരുക്കിൽ നിന്നും രക്ഷപ്പെടാൻ സർക്കാർ ഇടപെടൽ തേടി ചലച്ചിത്ര അക്കാദമി. നവംബർ 10നാണ് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ സംഘാടക സമിതി യോഗം ചേരുന്നത്.
മേളയ്‌ക്ക് ജിഎസ്‌ടി ഉൾപ്പെടുത്തിയാൽ ഡെലിഗേറ്റ് പാസ് 1200ലധികം രൂപയായി വർധിക്കും. ഡിസംബർ 8 മുതൽ 15 വരെ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ ചിലവും കുത്തനെ വർധിക്കും. സർക്കാരും ജിഎസ്‌ടി വകുപ്പും ഇക്കാര്യത്തിൽ ആശയവിനിമയം നടത്തണമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ഇടിവി ഭാരതിനോട് പറഞ്ഞു.
നികുതി അടയ്‌ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജിഎസ്‌ടി വകുപ്പ് കത്ത് നൽകിയതിന് പിന്നാലെ ഡോക്യുമെന്‍ററി - ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ജിഎസ്‌ടി ഉൾപ്പെടുത്തിയിരുന്നു. കൈരളി തിയേറ്റർ വളപ്പാണ് ഡോക്യുമെന്‍ററി - ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്‍റെ വേദി. എന്നാൽ വിപുലമായി നടത്തുന്ന ചലച്ചിത്ര മേളയിൽ ചെലവ് വലിയ രീതിയിൽ വർധിക്കും.
ഈ സാഹചര്യം കണക്കിലെടുത്താണ് വിഷയത്തിൽ ഇടപെടാൻ സർക്കാരിനോട് അക്കാദമി ആവശ്യപ്പെട്ടത്. ചാരിറ്റി സംഘടനയായി രജിസ്റ്റർ ചെയ്‌ത ചലച്ചിത്ര അക്കാദമിക്ക് കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രാലയം നൽകുന്ന ഇളവുകളുമുണ്ട്. ഇതേ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജിഎസ്‌ടിയിൽ നിന്നും ഒഴിവാക്കാൻ ആവശ്യമായ ചർച്ചകൾ സർക്കാർ ജിഎസ്‌ടി വകുപ്പുമായി നടത്തണമെന്നാണ് അക്കാദമിയുടെ ആവശ്യം.
നവംബർ 10നാണ് 28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സംഘാടക സമിതി യോഗം ചേരുന്നത്. ഇതിന് മുൻപ് അനുകൂലമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ജിഎസ്‌ടി കൂടി ഉൾപ്പെടുത്തിയ ചലച്ചിത്ര മേള നടത്താൻ അക്കാദമി നിർബന്ധിതമാകും. ജിഎസ്‌ടി അടയ്‌ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ അഞ്ച് വർഷത്തെ ചലച്ചിത്ര അക്കാദമിയുടെ വരവ് ചിലവ് കണക്കുകൾ ജിഎസ്‌ടി വകുപ്പ് തേടിയിരുന്നു.
അക്കാദമിയുടെ ടാക്‌സ് കൺസൾട്ടന്‍റിന്‍റെ നിർദേശ പ്രകാരമാണ് നിലവിൽ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ച് വരുന്നതെന്നും നിലവിലെ പ്രതിസന്ധിയിൽ സർക്കാരും ജിഎസ്‌ടി വകുപ്പും തമ്മിൽ ആശയവിനിമയം നടക്കട്ടെയെന്നും ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറി അജോയ് പറഞ്ഞു. ജിഎസ്‌ടി വകുപ്പിന് കണക്കുകൾ ഹാജരാക്കിയും നികുതി അടച്ചും മറ്റ് നടപടികൾ ഒഴിവാക്കാൻ ചലച്ചിത്ര അക്കാദമിക്ക് കഴിയും. എന്നാൽ നികുതിയും പിഴയും കണക്കാക്കി സെൻട്രൻ ജിഎസ്‌ടി വകുപ്പ് നോട്ടിസ് നൽകിയാൽ ചലച്ചിത്ര അക്കാദമി വൻതുക അടയ്‌ക്കേണ്ടി വരും.
ഇതാദ്യമായല്ല ചലച്ചിത്ര അക്കാദമിക്ക് ജിഎസ്‌ടിയുടെ കത്ത് ലഭിക്കുന്നത്. 2022ൽ രണ്ട് തവണയാണ് ജിഎസ്‌ടി വകുപ്പ് ചലച്ചിത്ര അക്കാദമിക്ക് നോട്ടിസ് നൽകിയത്. അക്കാദമിയുടെ ഫെസ്‌റ്റിവലുകൾ, പൊതു പരിപാടികൾ, അക്കാദമിയുടെ പ്രസിദ്ധീകരണമായ ചലച്ചിത്ര സമീക്ഷ എന്നിവ ജിഎസ്‌ടി പരിധിയിൽ വരുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജിഎസ്‌ടി വകുപ്പ് ആദ്യം നോട്ടിസ് നൽകിയത്.
READ ALSO:Central GST Department Send A Letter | 5 വര്‍ഷമായി നികുതി അടയ്‌ക്കുന്നില്ല; ചലച്ചിത്ര അക്കാദമിക്ക് കേന്ദ്ര ജിഎസ്‌ടിയുടെ കത്ത്
ചാരിറ്റി സംഘടനയായി രജിസ്‌റ്റർ ചെയ്‌തിട്ടുള്ള ചലച്ചിത്ര അക്കാദമി ജിഎസ്‌ടി പരിധിയിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടി അന്ന് തന്നെ ജിഎസ്‌ടി വകുപ്പിന് അക്കാദമി വിശദീകരണം നൽകിയിരുന്നു. എന്നാൽ വിശദീകരണം തൃപ്‌തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയ ജിഎസ്‌ടി വകുപ്പ് രേഖകൾ പരിശോധിക്കാൻ നിലവില്‍ നോട്ടിസ് നൽകിയിരിക്കുകയാണ്. ജിഎസ്‌ടി തുക അക്കാദമി പിരിച്ചിട്ടില്ലെന്നും പിരിക്കാത്ത തുകയാണ് ജിഎസ്‌ടി വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും അക്കാദമി ട്രഷറർ ശ്രീലാൽ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.